സരോദ് ആചാര്യൻ പണ്ഡിറ്റ് രാജീവ് താരാനാഥിന് വിട

Mail This Article
ബെംഗളൂരു∙ അന്തരിച്ച സരോദ് വിദ്വാനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ പണ്ഡിറ്റ് രാജീവ് താരാനാഥിന്(91) സംഗീത ലോകം വിട നൽകി. രണ്ടാഴ്ചയിലേറെയായി അസുഖബാധിതനായി മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു വിയോഗം. ഇന്നലെ സരസ്വതിനഗറിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ സമൂഹത്തിൽ വിവിധ തുറകളിൽ നിന്നുള്ള ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. സംസ്കാരം നടത്തി.
പിതാവ് പണ്ഡിറ്റ് താരാനാഥ് പ്രശസ്ത തബലിസ്റ്റും മാതാവ് സുമതി ബായ് അറിയപ്പെടുന്ന ഇംഗ്ലിഷ് അധ്യാപികയുമായിരുന്നു. മലയാളമടക്കം 7 ഭാഷകൾ സംസാരിക്കുന്ന, ഇംഗ്ലിഷ് അധ്യാപകൻ കൂടിയായ രാജീവ് താരാനാഥ് സ്വരലയ പുരസ്കാരം സ്വീകരിക്കാൻ 2022 ജൂലൈയിൽ കൊച്ചിയിലെത്തിയിരുന്നു.
ജി. അരവിന്ദന്റെ ‘കാഞ്ചനസീത’, ‘പോക്കുവെയിൽ’, ‘ഒരിടത്ത്’, എംടിയുടെ ‘കടവ്’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. ലോകമെങ്ങുമുള്ള ഒട്ടേറെ വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പണ്ഡിറ്റ് രാജീവ് താരാനാഥിനു നൂറുകണക്കിനു ശിഷ്യരുണ്ട്. ഇന്ത്യയിലും യുഎസിലെ ലൊസാഞ്ചലസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിലും ഹിന്ദുസ്ഥാനി സംഗീതവും സരോദും പഠിപ്പിച്ചിട്ടുണ്ട്.
രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം, ചൗഡയ്യ പുരസ്കാരം, കർണാടക രാജ്യോത്സവ പുരസ്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞയും എഴുത്തുകാരിയും വിവർത്തകയുമായ കൃഷ്ണ മനവള്ളി മകളാണ്. വിഖ്യാത സരോദ് വിദ്വാൻ ഉസ്താദ് അലി അക്ബർ ഖാൻ, സിത്താർ മാന്ത്രികനും സംഗീതസംവിധായകനുമായിരുന്ന പണ്ഡിറ്റ് രവിശങ്കർ തുടങ്ങിയവരുടെ ശിഷ്യനായിരുന്നു രാജീവ് താരാനാഥ്.