സത്യപ്രതിജ്ഞയെ മനോഹരമാക്കി മാതൃഭാഷ

Mail This Article
ന്യൂഡൽഹി ∙ സത്യപ്രതിജ്ഞ ചടങ്ങിന്റെ ആദ്യ ദിവസം ഹിന്ദിക്കും ഇംഗ്ലിഷിനും പുറമേ സംസ്കൃതം, ബംഗാളി, അസമീസ്, ഒഡിയ, ജമ്മുവിലെ ദോഗ്രി അടക്കമുള്ള ഭാഷകളും ഇടംപിടിച്ചു. പലരും മാതൃഭാഷയിലാണ് സത്യവാചകം ചൊല്ലിയത്.
ഒഡീഷയിൽനിന്നുള്ള ധർമേന്ദ്ര പ്രധാനും ജുവൽ ഓറമും ഒഡിയയിലും എച്ച്.ഡി. കുമാരസ്വാമി, പ്രഹ്ലാദ് ജോഷി എന്നിവർ കന്നഡയിലുമാണ് പ്രതിജ്ഞ ചൊല്ലിയത്. ജമ്മു കശ്മീരിലെ ഉധംപുരിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ദോഗ്രി ഭാഷയിൽ സത്യവാചകം ചൊല്ലിയത്.
ഊർജസഹമന്ത്രി ശ്രീപദ് യശോ നായിക് സംസ്കൃതത്തിലും പുണെ എംപി മുരളീധർ മൊഹോൽ മറാഠിയിലുമാണ് പ്രതിജ്ഞ ചൊല്ലിയത്. സർബാനന്ദ സോനോവാൾ അസമീസ് ഭാഷ ഉപയോഗിച്ചപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയായ റാം മോഹൻ നായിഡുവും തെലങ്കാനയിൽ നിന്നുള്ള കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയും തെലുങ്കിലാണ് സത്യവാചകം ചൊല്ലിയത്. എംപിമാർക്ക് ഇംഗ്ലിഷിലോ ഭരണഘടനയിൽ പറയുന്ന 22 ഭാഷകളിലോ സത്യപ്രതിജ്ഞ ചെയ്യാം.