‘വർക്‌ഷോപ് ഉപഗ്രഹ’ വിക്ഷേപണത്തിന് ഓസ്ട്രേലിയയുമായി കരാർ
Mail This Article
തിരുവനന്തപുരം ∙ ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ‘വർക്‌ഷോപ്് വാഹന’വുമായി ഇന്ത്യൻ–ഓസ്ട്രേലിയൻ സംരംഭം. സ്പേസ് മെഷീൻസ് കമ്പനി നിർമിച്ച ‘ഒപ്റ്റിമസ്’ എന്ന വർക്‌ഷോപ് ഉപഗ്രഹം ഇന്ത്യയുടെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) സഹായത്തോടെ വിക്ഷേപിക്കാൻ ഐഎസ്ആർഒയുടെ വാണിജ്യ സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻഎസ് ഐഎൽ) കരാർ ഒപ്പിട്ടു. 2026ൽ വിക്ഷേപണം നടക്കും.
ബഹിരാകാശ സാങ്കേതികവിദ്യ, ഗവേഷണം, ഇന്നവേഷൻ മേഖലകളിൽ ഓസ്ട്രേലിയയും ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്ന ‘സ്പേസ് മൈത്രി’ ദൗത്യത്തിന്റെ ഭാഗമായാണ് കരാർ. 460 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ് ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്. ഇന്ത്യയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി.
ബഹിരാകാശത്തു മറ്റ് ഉപഗ്രഹങ്ങളുടെ തകരാർ കണ്ടെത്താൻ ഒപ്റ്റിമസിനു കഴിയും. ഭ്രമണപഥത്തിൽ എത്തിയ ശേഷം പുതിയ ‘വർക്ക്’ കിട്ടുന്നതുവരെ ഒപ്റ്റിമസ് സ്വയം ‘പാർക്ക് മോഡി’ലേക്കു മാറും. ഏതെങ്കിലും ഉപഗ്രഹം ബ്രേക്ഡൗൺ ആയെന്ന് ഓപ്പറേറ്റർമാർ സ്പേസ് മെഷീൻ കമ്പനിയെ അറിയിച്ചാൽ ഒപ്റ്റിമസ് ആ ഉപഗ്രഹത്തിന് അടുത്തെത്തി തകരാർ കണ്ടെത്തി അറിയിക്കും. അതനുസരിച്ച് ഓപ്പറേറ്റർമാർക്ക് പ്രശ്നം പരിഹരിക്കാനാകും.
ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും ഇന്ധനം നിറയ്ക്കാനും കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ സുരക്ഷിതമായി നശിപ്പിക്കാനും കഴിയുന്നവിധം ഒപ്റ്റിമസിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്. അതോടെ, ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി നടത്തി ആയുസ്സ് നീട്ടി ബഹിരാകാശ മാലിന്യത്തിന്റെ അളവു കുറയ്ക്കാനും കഴിയും. ഓസ്ട്രേലിയയുമായി വിവിധ മേഖലകളിൽ സഹകരണത്തിനു വഴിയൊരുക്കുന്നതാണ് കരാർ.