വായ്പയിൽ വീഴ്ച വരുത്തിയവരെല്ലാം തട്ടിപ്പുകാരാവില്ല; വായ്പയെടുത്തവരുടെ ഭാഗം ബാങ്ക് കേൾക്കും
Mail This Article
ന്യൂഡൽഹി ∙ വായ്പയെടുത്ത് വീഴ്ച വരുത്തിയവരുടെ അക്കൗണ്ടുകൾ തട്ടിപ്പെന്ന ഗണത്തിൽ ഉൾപ്പെടുത്തും മുൻപ് അവരുടെ ഭാഗം കൂടി ബാങ്കുകൾ കേൾക്കണമെന്ന് റിസർവ് ബാങ്കിന്റെ പുതിയ മാസ്റ്റർ സർക്കുലർ. വായ്പയെടുത്തവർക്ക് അനുകൂലമായി 2023 മാർച്ചിൽ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിലുള്ളതാണ് ഈ വ്യവസ്ഥ. 2016 ലെ മാസ്റ്റർ സർക്കുലർ അനുസരിച്ച് ഉപയോക്താവിനെ അറിയിക്കാതെ ഇത് തട്ടിപ്പെന്ന ഗണത്തിൽപ്പെടുത്താമായിരുന്നു. ഈ സർക്കുലർ ആർബിഐ റദ്ദാക്കി.
ഇനി മുതൽ ആരോപണവിധേയന് ബാങ്ക് കാരണം കാണിക്കൽ നോട്ടിസ് നൽകണം. മറുപടി നൽകാൻ കുറഞ്ഞത് 21 ദിവസം സാവകാശം നൽകണം. ഇത് പരിശോധിച്ച ശേഷം ബാങ്ക് എടുക്കുന്ന തീരുമാനം അക്കൗണ്ട് ഉടമയെ അറിയിക്കണം. തട്ടിപ്പുകേസുകൾ പരിഗണിക്കുന്നതിനായി ബാങ്ക് ഡയറക്ടർ ബോർഡിലെ 3 അംഗങ്ങളെങ്കിലും ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി രൂപീകരിക്കണം.
അക്കൗണ്ടുകൾ ബാങ്കുകൾക്ക് ഏകപക്ഷീയമായി തട്ടിപ്പ് എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ അവസരം നൽകിയിരുന്ന 2016 ലെ സർക്കുലറിനെതിരെ തെലങ്കാന ഹൈക്കോടതിയിലാണ് ആദ്യ ഹർജിയെത്തിയത്. വായ്പയെടുത്തവരുടെ ഭാഗം കേൾക്കണമെന്ന് 2020 ൽ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തെലങ്കാന ഹൈക്കോടതിയുടെ വിധി ശരിവയ്ക്കുകയാണ് ചെയ്തത്. വിപരീതമായി വിധി പുറപ്പെടുവിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി റദ്ദാക്കുകയും ചെയ്തു.