നീറ്റ് പരീക്ഷ: ഗുജറാത്തിലെ കേന്ദ്രത്തിൽ 259 പേർക്ക് മാർക്ക് 600നു മുകളിൽ
Mail This Article
ന്യൂഡൽഹി ∙ ഗുജറാത്തിലെ രാജ്‌കോട്ട് കേന്ദ്രത്തിൽ നീറ്റ്–യുജി പരീക്ഷയെഴുതിയ 250 ലേറെ വിദ്യാർഥികൾക്ക് 600നു മുകളിൽ മാർക്ക്. (പരീക്ഷയുടെ ആകെ മാർക്ക് 720 ആണ്) ഓരോ വിദ്യാർഥിക്കും ലഭിച്ച മാർക്ക് നഗരങ്ങളും പരീക്ഷാകേന്ദ്രങ്ങളും തിരിച്ച് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചതിലാണ് ഇതുൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാകുന്നത്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് എൻടിഎ ഈ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്‌കോട്ട് ആർകെ യൂണിവേഴ്സിറ്റിയിയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ പരീക്ഷയെഴുതിയവരിൽ 12 പേർ 700 നു മുകളിൽ സ്കോർ നേടി. ഒരാൾക്ക് 720 മാർക്കും 2 പേർക്ക് 710 മാർക്കും 4 പേർക്ക് 705 മാർക്കും വീതം. ഇവിടെ 600നു മുകളിൽ സ്കോർ നേടിയവർ 259. സ്കോർ 650നു മുകളിൽ 110 പേരും 680നു മുകളിൽ 48 പേരും നേടി.
∙ ചോദ്യക്കടലാസ് ചോർച്ചയിലൂടെ വിവാദമായ ജാർഖണ്ഡ് ഹസാരിബാഗിലെ ഒയാസിസ് സ്കൂളിൽ ഏറ്റവും ഉയർന്ന സ്കോർ 696. പരീക്ഷയെഴുതിയ 701 പേരിൽ 22 പേർ 600 നു മുകളിൽ മാർക്ക് നേടി. ഈ സ്കൂളിലെ ചോദ്യക്കടലാസാണു ചോർന്നു ബിഹാറിലെ പട്നയിൽ വിദ്യാർഥികൾക്കു ലഭിച്ചത്.
∙ ചോദ്യക്കടലാസ് വിതരണത്തിലെ പിഴവുമൂലം പുനഃപരീക്ഷ നടത്തിയ ഹരിയാന ഹർദയാൽ പബ്ലിക് സ്കൂളിൽ 682 മാർക്കാണ് ഉയർന്ന സ്കോർ. 677 ആണ് തൊട്ടു പിന്നിൽ. ഈ സ്കൂളിൽ പരീക്ഷയെഴുതിയ 6 വിദ്യാർഥികളാണ് ആദ്യം ഗ്രേസ് മാർക്കിന്റെ ആനുകൂല്യത്തിൽ ഒന്നാം റാങ്ക് നേടിയത്.
∙ രാജസ്ഥാനിലെ സീക്കറിലെ ആരവല്ലി പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 83 വിദ്യാർഥികൾക്ക് 600നു മുകളിൽ സ്കോറുണ്ട്.
∙ പരീക്ഷയിലെ തിരിമറിയുമായി ബന്ധപ്പെട്ടു 2 അധ്യാപകരെ സിബിഐ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ലാത്തൂരിലെ ദയാനന്ദ് കോളജ് ഓഫ് കൊമേഴ്സ് കേന്ദ്രത്തിൽ 700 നു മുകളിൽ ഒരാൾക്കും 650നു മുകളിൽ 16 പേർക്കും സ്കോറുണ്ട്.
3 പേർ കൂടി അറസ്റ്റിൽ
നീറ്റ് ചോദ്യക്കടലാസ് ചോർച്ച വിവാദത്തിൽ സിബിഐ 3 പേരെക്കൂടി അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഭരത്പുരിലെ മെഡിക്കൽ കോളജിൽ വിദ്യാർഥികളായ കുമാർ മംഗളം ബിഷ്ണോയ്, ദീപേന്ദർ ശർമ, എൻജിനീയറിങ് ബിരുദധാരി ശശികാന്ത് പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്.