ADVERTISEMENT

ന്യൂഡൽഹി ∙ റാവൂസ് സിവിൽ സർവീസ് അക്കാദമിയിൽ വെള്ളംകയറി 3 വിദ്യാർഥികളുടെ മരണത്തിനു പിന്നാലെ നഗരം കണ്ടതു ശക്തമായ പ്രതിഷേധം. പ്രധാന റോഡ് ഉപരോധിച്ചു പ്രതിഷേധിച്ച വിദ്യാർഥികളെ ഇന്നലെ വൈകിട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കുകയായിരുന്നു. അസൗകര്യങ്ങൾ, റോഡിന്റെ ശോചനീയാവസ്ഥ, രക്ഷാപ്രവർത്തനത്തിലെ പാകപ്പിഴകൾ – വിദ്യാർഥികളുടെ രോഷം അണപൊട്ടാൻ ഇങ്ങനെ പല കാരണങ്ങളുമുണ്ടായിരുന്നു. അപകടസ്ഥലത്തുനിന്നു രക്ഷപെട്ട ഹൃദേഷ് ചൗഹാൻ സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവച്ച വിഡിയോ ദൃശ്യം അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. വെള്ളം ഇരച്ചെത്തി 10 മിനിറ്റിനുള്ളിൽ ഭൂഗർഭനില നിറഞ്ഞെന്നു ചൗഹാൻ ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായത് 6.40നാണെന്നും പൊലീസും ദുരന്തനിവാരണ സേനാംഗങ്ങളും എത്തിയത് 9 മണിയോടെയാണെന്നും ആരോപിച്ചു. ഭൂഗർഭ നിലയിലും മുകളിലെ പാർക്കിങ് മേഖലയിലുമെല്ലാം വെള്ളം നിറഞ്ഞതും കാഴ്ച മുടക്കിയതും രക്ഷാപ്രവർത്തനത്തെ വലച്ചുവെന്നു പൊലീസ് പറയുന്നു. കസേരയും മേശയുമെല്ലാം വെള്ളത്തിൽ ഒഴുകി നടക്കുകയായിരുന്നു. ചെളിവെള്ളത്തിലൂടെ നടക്കാനും സാധിക്കാത്ത അവസ്ഥയായി. തറനിരപ്പിനടിയിലെ മുറിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇതെല്ലാം തടസ്സമായെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.  

പമ്പ് ഉപയോഗിച്ച് വെള്ളം കളയാൻ ശ്രമിച്ചെങ്കിലും അതു തിരികെ ഭൂഗർഭനിലയിലേക്കു തന്നെ ഒഴുകിയെത്തി. മഴ കുറഞ്ഞ് റോഡിലെ വെള്ളം കുറഞ്ഞ ശേഷമാണു വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞത്. ശരിയായി തിരച്ചിൽ നടത്തിയതും അതിനുശേഷമാണ്.

‘വെള്ളക്കെട്ടിന്റെ കാര്യം മുൻപും മകൾ പറഞ്ഞു’

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ അംബേദ്കർ നഗർ സ്വദേശിയായ ശ്രേയ യാദവ് സുൽത്താൻപുർ കമലാ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ബിഎസ്‌സി അഗ്രികൾചർ പാസായ ശേഷമാണു സിവിൽ സർവീസ് പരിശീലനത്തിനു ഡൽഹിയിലെത്തിയത്. അച്ഛൻ രാജേന്ദ്ര യാദവ് അംബേദ്കർ നഗറിൽ കട നടത്തുന്നു. സഹോദരൻ അഭിഷേക് യാദവ് മാസ് കമ്യൂണിക്കേഷൻസ് വിദ്യാർഥിയാണ്; മറ്റൊരു സഹോദരൻ സ്കൂൾ വിദ്യാർഥിയും.‘കോച്ചിങ് സെന്ററിലെ കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെള്ളക്കെട്ടുണ്ടാകുന്ന കാര്യം മുൻപും മകൾ പറഞ്ഞിട്ടുണ്ട്. അപകടവിവരം സ്ഥാപനത്തിൽനിന്ന് അറിയിച്ചില്ല. ടിവി വാർത്തകളിൽ നിന്നാണു അറിഞ്ഞത്’– രാജേന്ദർ യാദവ് പറഞ്ഞു.

തെലങ്കാന സെക്കന്തരാബാദ് സ്വദേശിയായ തന്യ സോണി ഡൽഹി സർവകലാശാലയിൽനിന്നു ബിരുദം പൂർത്തിയാക്കി കഴിഞ്ഞവർഷമാണ് റാവൂസിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനു ചേർന്നത്. അച്ഛൻ വിജയകുമാറും അമ്മയും സഹോദരങ്ങളും ലക്നൗവിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ നാഗ്പുരിൽ എത്തിയപ്പോഴാണു തന്യയുടെ അപകടത്തെക്കുറിച്ചറിയുന്നത്. തുടർന്നു വിമാനത്തിൽ ഡൽഹിയിലേക്കു തിരിച്ചു. ‘ഒരുപാടു സ്വപ്നങ്ങൾ കണ്ടാണ് അവൾ ഡൽഹിയിൽ പഠിക്കാനെത്തിയത്. മൂത്തമകളാണ്’– വിജയകുമാർ പറഞ്ഞു.

രാഷ്ട്രീയ നേതാക്കൾക്ക് എതിരെ രോഷം

വിദ്യാർഥി പ്രതിഷേധത്തിനു പിന്തുണയുമായെത്തിയ രാഷ്ട്രീയനേതാക്കളും രോഷത്തിന്റെ ചൂടറിഞ്ഞു. പ്രതിഷേധ സ്ഥലത്തെത്തിയ രാജ്യസഭാംഗം സ്വാതി മലിവാളിനോടു തിരികെപ്പോകാൻ ആവശ്യപ്പെട്ട് വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിനെതിരെയും പ്രതിഷേധമുണ്ടായി. വിഷയം രാഷ്ട്രീയമാക്കരുതെന്നും കൃത്യമായ ഇടപെടലാണ് ആവശ്യമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. ചിലർ ദേവേന്ദറിനു നേരെ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞു.

ഗവേഷണത്തിനൊപ്പം പരിശീലനം

ജെഎൻയുവിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഏസ്തെറ്റിക്സിൽ ഗവേഷണം ചെയ്യുന്നതിനിടെയാണു നെവിൻ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലനം തുടങ്ങിയത്. പിഎച്ച്ഡി പഠനത്തിന്റെ വാരാന്ത്യങ്ങളിലായിരുന്നു പരിശീലനം. കോളജ് ക്യാംപസിനു പുറത്തു താമസിച്ചിരുന്ന നെവിന്റെ അപകടവിവരം ക്യാംപസിൽ അറിയാനും വൈകി.

പ്രതിവർഷം 10,000 വിദ്യാർഥികൾ

രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിലൊന്നാണ് റാവൂസ്. 1953ൽ ഡോ. എസ്.റാവു ആരംഭിച്ച സ്ഥാപനത്തിൽ പ്രതിവർഷം പതിനായിരത്തിലേറെ വിദ്യാർഥികൾ പരിശീലനത്തിന് എത്തുന്നുവെന്നാണു വിവരം. മലയാളികളും ഒട്ടേറെയുണ്ട്. വേദ്പ്രകാശ് ഗുപ്തയാണ് ഇപ്പോഴത്തെ ചെയർമാൻ. ഇന്നലെ അറസ്റ്റിലായ അഭിഷേക് ഗുപ്ത സിഇഒയാണ്. 

English Summary:

Delhi tragedy: City witnessed massive protests

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com