കശ്മീർ ഗവേഷണ പ്രപ്പോസലിൽ ചോംസ്കിയുടെ മോദി വിമർശനം; വിദ്യാർഥിക്ക് നോട്ടിസ്

Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രമുഖ ചിന്തകൻ നോം ചോംസ്കി നടത്തിയ വിമർശനം ഗവേഷണ പ്രപ്പോസലിൽ ഉൾപ്പെടുത്തിയ പിഎച്ച്ഡി ഗവേഷകന് ഡൽഹിയിലെ സൗത്ത് ഏഷ്യൻ സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടിസ്. നോട്ടിസിനു പിന്നാലെ പിഎച്ച്ഡി ഗൈഡും സോഷ്യോളജി അധ്യാപകനുമായ ശശാങ്ക പെരേര രാജിവച്ചു. കശ്മീരുമായി ബന്ധപ്പെട്ടായിരുന്നു ഗവേഷണം.
പിഎച്ച്ഡി ഫീൽഡ് വർക്ക് തുടങ്ങുന്നതിനു മുൻപായി ഗൈഡ്, ഡീൻ, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയുടെ അനുമതി തേടണമെന്നാണു സർവകാലാശാലയുടെ ചട്ടം. ഇതു പാലിച്ച ഗവേഷക വിദ്യാർഥിക്കാണു കാരണം കാണിക്കൽ നോട്ടിസ്.
നോം ചോംസ്കിയുമായി പിഎച്ച്ഡി വിദ്യാർഥി നടത്തിയ വിഡിയോ അഭിമുഖത്തിൽനിന്നുള്ള ഭാഗമാണ് പ്രപ്പോസലിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ വിഡിയോ യുട്യൂബിലും പോസ്റ്റ് ചെയ്തിരുന്നു.
ഹിന്ദുത്വ വർഗീയതയുമായി ബന്ധപ്പെട്ടായിരുന്നു ചോംസ്കിയുടെ വിമർശനം. ഇത് ഉൾപ്പെടുത്തിയതിന്റെ സാംഗത്യം വിശദീകരിക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവേഷക വിദ്യാർഥി ഇതിൽ ഖേദം രേഖപ്പെടുത്തുകയും വിഡിയോ പിൻവലിക്കുകയും ചെയ്തു.
8 സാർക് രാജ്യങ്ങൾ സ്പോൺസർ ചെയ്തതാണ് സൗത്ത് ഏഷ്യൻ സർവകലാശാല. വിദേശകാര്യ മന്ത്രാലയത്തിനാണു ചുമതല.