ഇന്ത്യയിലെ ക്ലിനിക്കൽ ട്രയൽ ഒഴിവാക്കി; വാക്സീനുകളും അവശ്യ മരുന്നുകളും ഇനി വേഗം ലഭിക്കും
Mail This Article
ന്യൂഡൽഹി ∙ വിദേശ മരുന്നുകൾക്ക് ഇന്ത്യയിൽ വീണ്ടും മരുന്നു പരീക്ഷണം (ക്ലിനിക്കൽ ട്രയൽ) വേണമെന്ന നിബന്ധന 5 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും കാര്യത്തിൽ ആരോഗ്യമന്ത്രാലയം ഒഴിവാക്കി. നിർണായക മരുന്നുകളുടെയും വാക്സീനുകളുടെയും ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്നതാണു തീരുമാനം.
യുഎസ്എ, യുകെ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ അനുമതി കിട്ടിയ മരുന്നുകളാണെങ്കിൽ അവയുടെ വിതരണത്തിനും വിൽപനയ്ക്കും ഇന്ത്യയിൽ ഇനി പ്രത്യേക ക്ലിനിക്കൽ ട്രയൽ ആവശ്യമില്ല.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഇന്ത്യയുടെ ഡ്രഗ്സ് കൺട്രോളർ ജനറലാണ് (ഡിസിജിഐ) ഇളവു പ്രഖ്യാപിച്ചത്. പല മരുന്നുകളുടെയും ലഭ്യതയിൽ ഇതോടെ കാലതാമസം ഒഴിവാകും. തീരുമാനം മരുന്നുൽപാദക കമ്പനികൾക്കും ആശുപത്രികൾക്കും രോഗികൾക്കും ആശ്വാസമാണ്.
ഇളവ് ഇവയ്ക്ക്
∙ അപൂർവ രോഗങ്ങൾക്കുള്ള മരുന്ന്.
∙ ജീൻ, കോശ ചികിത്സയ്ക്ക് വേണ്ടത്.
∙ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട പുതിയ മരുന്നുകൾ
∙ സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടത്.
∙ ഇന്ത്യൻ സാഹചര്യങ്ങളിൽ ലഭിക്കാത്തതും മികച്ച ഫലം നൽകുന്നതുമായവ.
ഡെങ്കിപ്പനി: വാക്സീൻ അന്തിമഘട്ടത്തിലേക്ക്
ന്യൂഡൽഹി ∙ ഡെങ്കിപ്പനിക്കെതിരെ വികസിപ്പിച്ച വിവിധ വാക്സീനുകളുടെ ക്ലിനിക്കൽ ട്രയൽ അന്തിമഘട്ടത്തിലേക്ക്. ട്രയൽ ഡേറ്റ വിവരങ്ങളിൽ വിദഗ്ധ സമിതി സംതൃപ്തി അറിയിച്ചാൽ വാക്സീനുകൾക്ക് ഇന്ത്യയുടെ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകും. അങ്ങനെയെങ്കിൽ അടുത്തവർഷത്തോടെ ഡെങ്കിപ്പനിക്കെതിരായ വാക്സീനുകൾ കുത്തിവയ്പു പദ്ധതിയുടെ ഭാഗമാക്കാനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്.
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബംഗാളിലും ഡെങ്കിപ്പനി കൂടുതലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.