തിരഞ്ഞെടുപ്പ് കമ്മിഷന്റെ കശ്മീർ സന്ദർശനം ഇന്ന്
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നു മുതൽ 3 ദിവസം സന്ദർശനം നടത്തും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തും. സെപ്റ്റംബർ 30ന് മുൻപു തിരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. വിവിധ സുരക്ഷാ ഏജൻസികളുമായി 10ന് ചർച്ച നടത്തുന്ന കമ്മിഷൻ തുടർന്ന് മാധ്യമങ്ങളെ കാണും.
ജമ്മു കശ്മീരിൽ 2014ലാണ് അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 2018 ൽ കേന്ദ്രഭരണം നിലവിൽ വന്നു. 370–ാം വകുപ്പ് പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 2019 ഓഗസ്റ്റ് 5ന് ഇല്ലാതായി. തുടർന്ന് സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണപ്രദേശങ്ങളാക്കി. പ്രത്യേക പദവി എടുത്തുകളഞ്ഞത് ശരിവച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടൻ തിരികെനൽകണമെന്നും സെപ്റ്റംബർ 30നകം നിയമസഭാ തിരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്നും 2023 ഡിസംബർ 11ന് ഉത്തരവിട്ടിരുന്നു.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിലാണ് നാഷനൽ കോൺഫറൻസ് മത്സരിച്ചത്.