കേവലം ഓവർടേക്ക് ചെയ്യൽ അമിതവേഗവും അശ്രദ്ധയുമാകില്ലെന്ന് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ ഓവർടേക്ക് ചെയ്തുവെന്നതിനെ അമിതവേഗമോ അശ്രദ്ധയോ ആയി പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഓവർടേക്ക് ചെയ്യുന്നതിനിടെ ദിശ തെറ്റിച്ചുവന്ന വന്ന ട്രാക്ടർ ഇടിച്ചുണ്ടായ അപകടത്തിലെ നഷ്ടപരിഹാരത്തുക വർധിപ്പിച്ചുകൊണ്ടാണു ജഡ്ജിമാരായ സി.ടി.രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന വിധി. ബൈക്ക് യാത്രക്കാരന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് അപകടത്തിൽ മരിച്ചത്.
യുപിയിൽ 1994 ൽ സംഭവിച്ച അപകടമാണ് കേസിലേക്കു നയിച്ചത്. ഭാര്യയുമൊത്ത് മോട്ടർബൈക്കിൽ യാത്ര ചെയ്ത ആളാണ് അപകടത്തിൽപെട്ടത്. ട്രാക്ടറിനെ ഓവർടേക്ക് ചെയ്യുമ്പോൾ ദിശതെറ്റിച്ചുവന്ന മറ്റൊരു ട്രാക്ടർ ഇടിച്ചായിരുന്നു അപകടം. അപകടത്തിനിടയാക്കിയ ട്രാക്ടർ അമിതവേഗത്തിലും തെറ്റായദിശയിലുമായിരുന്നെന്നു കോടതി നിരീക്ഷിച്ചു.
അമിതവേഗത്തിൽ വന്ന ട്രാക്ടറും ബൈക്ക് യാത്രക്കാരനും ഒരുപോലെ അപകടത്തിന് കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവിനെതിരായ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഉത്തരവാദിത്തം രണ്ടാൾക്കുമുണ്ടെന്നു നിരീക്ഷിച്ച ട്രൈബ്യൂണൽ 1.01 ലക്ഷം രൂപ 8% പലിശ സഹിതം നൽകാനാണ് വിധിച്ചത്. സുപ്രീം കോടതി തുക 11.25 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. 12% പലിശ സഹിതം നൽകാനും നിർദേശിച്ചു.