കൊൽക്കത്ത മെഡിക്കൽ കോളജിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തി
Mail This Article
കൊൽക്കത്ത ∙ ആർ.ജി കാർ ഗവ. മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ആശുപത്രിയുമായി ബന്ധമില്ലാത്തയാളെയാണു പിടികൂടിയത്. ഇയാൾ കോളജിലെ പല ഡിപ്പാർട്മെന്റുകളിലും അനധികൃതമായി പ്രവേശിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പിജി രണ്ടാംവർഷ വിദ്യാർഥിനിയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ പ്രചാരണം. മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നും സംഭവം മുടിവയ്ക്കാൻ ശ്രമം നടക്കുന്നതായും പിതാവ് ആരോപിച്ചിരുന്നു. മെഡിക്കൽ വിദ്യാർഥികളും അന്വേഷണമാവശ്യപ്പെട്ടു രംഗത്തെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം സ്ഥിരീകരിച്ചു. ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്.
പുലർച്ചെ മൂന്നിനും ആറിനുമിടയിലാണു സംഭവം നടന്നതെന്നു കരുതുന്നു. 2 മണിക്കു ജൂനിയർ വിദ്യാർഥികൾക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചെത്തിയ പെൺകുട്ടി സെമിനാർ ഹാളിലേക്ക് പോയി. അതിനുശേഷം രാവിലെ മരിച്ച നിലയിലാണു കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കുന്നതിനു പ്രത്യേക മുറി ഇല്ലാത്തതിനാൽ ഡോക്ടർമാർ സെമിനാർ ഹാൾ ഉപയോഗിക്കുന്നതു പതിവായിരുന്നു.
മെഡിക്കൽ വിദ്യാർഥികളുടെ വൻ പ്രതിഷേധമുയർന്ന സംഭവത്തിൽ കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്തുമെന്നും വധശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. പ്രതികളെ വെറുതേ വിടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പെൺകുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ അറിയിച്ചു. ഞാൻ വധശിക്ഷയ്ക്ക് എതിരാണ്. പക്ഷേ ആവശ്യമെങ്കിൽ പ്രതികൾക്ക് വധശിക്ഷ നൽകണം- അവർ പറഞ്ഞു. സമരം ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികൾ രോഗികൾക്ക് ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
നടപടി ആവശ്യപ്പെട്ടു മെഡിക്കൽ വിദ്യാർഥികൾ മെഴുകുതിരിയുമായി മാർച്ച് നടത്തി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.