ഖർഗെയുടെ കുടുംബ ട്രസ്റ്റിന് ഭൂമി: സർക്കാരിനോട് വിശദീകരണം തേടി കർണാടക ഗവർണർ
Mail This Article
ബെംഗളൂരു ∙ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ കുടുംബ ട്രസ്റ്റിന് ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്കിൽ 5 ഏക്കർ ഭൂമി അനുവദിച്ച നടപടിയിൽ കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഖർഗെയുടെ മകനും ഐടി മന്ത്രിയുമായ പ്രിയങ്ക് ഖർഗെയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് ചലാവടി നാരായണ സ്വാമി നൽകിയ പരാതിയിലാണ് നടപടി.
ബിജെപി–ജനതാദൾ (എസ്) നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ മെല്ലെപ്പോക്ക് തുടരുന്ന ഗവർണർ കോൺഗ്രസിനെതിരായ ആരോപണങ്ങളിൽ വസ്തുത പരിശോധിക്കാതെ നടപടികൾ സ്വീകരിക്കുകയാണെന്നു പ്രിയങ്ക് ഖർഗെ പ്രതികരിച്ചു.
ഖർഗെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിദ്ധാർഥ വിഹാർ ട്രസ്റ്റിന് പട്ടികജാതി സംവരണ ക്വോട്ടയിലാണ് കർണാടക വ്യവസായ മേഖലാ വികസന ബോർഡ് മാർച്ചിൽ ഭൂമി അനുവദിച്ചത്. മല്ലികാർജുൻ ഖർഗെയുടെ മകനും ഐഐടി ബിരുദധാരിയുമായ രാഹുലിന് ഗവേഷണ കേന്ദ്രം ആരംഭിക്കാൻ, ചട്ടപ്രകാരം നൽകിയ ഭൂമിയാണിതെന്ന് വ്യവസായമന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു.
അതിനിടെ, മൈസൂരു ഭൂമി അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതിക്കുള്ള സ്റ്റേ ഹൈക്കോടതി 9 വരെ നീട്ടി.