ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാൻ നിർദേശം
Mail This Article
ന്യൂഡൽഹി ∙ ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കിയശേഷം, ഈമാസം 10നു മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിർദേശം. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച മന്ത്രാലയം സംസ്ഥാനങ്ങളിൽനിന്നു ശുപാർശകളും തേടിയിട്ടുണ്ട്.
നിർദേശങ്ങൾ
∙തിരക്ക്, പ്രാദേശിക സ്വഭാവം എന്നിവ കണക്കിലെടുത്ത് അപകടസാധ്യതയേറിയ സ്ഥാപനങ്ങൾ കണ്ടെത്തണം.
∙അത്യാഹിത–തീവ്രപരിചരണ വിഭാഗങ്ങൾ, ലേബർ റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ സുരക്ഷ കർശനമാക്കണം.
∙കൃത്യസമയത്ത് സുരക്ഷാ ഓഡിറ്റ് നടത്തണം.
∙സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ക്യാമറകൾ കൺട്രോൾ റൂം വഴി പതിവായി നിരീക്ഷിക്കണം.
∙സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കണം. പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ഏകോപിപ്പിച്ച് സുരക്ഷ ഉറപ്പാക്കണം.
∙സന്നദ്ധസംഘടനകൾ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെ രോഗികളെ സഹായിക്കാൻ ഹെൽപ് ഡെസ്കുകൾ സജ്ജമാക്കണം.