‘ഇതു പഴയ മമതയല്ല, നാട്ടിൽ അഴിമതി; രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുന്നു’: തൃണമൂൽ എംപി രാജിവച്ചു
Mail This Article
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതിയിലും ബംഗാളിലെ വർധിച്ച അഴിമതിയിലും പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംപി ജവാഹർ സർക്കാർ രാജ്യസഭയിൽനിന്നും പാർട്ടിയിൽനിന്നും രാജിവച്ചു. പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സ്വാഭാവികമായുണ്ടായ ജനകീയ സമരങ്ങളെ പഴയ മമതയുടെ ശൈലിയിലല്ല കൈകാര്യം ചെയ്തതെന്നും ജവാഹർ ആരോപിച്ചു. രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുകയാണെന്ന് മമതയ്ക്കെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു.
മുൻ കേന്ദ്ര സാംസ്കാരിക സെക്രട്ടറിയും പ്രസാർ ഭാരതി സിഇഒയുമായിരുന്ന ജവാഹർ സർക്കാർ എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ, ആർജവമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. ദൂരദർശന്റെയും ആകാശവാണിയുടെയും സ്വതന്ത്രസ്വഭാവത്തിനായി പോരാടിയ അദ്ദേഹം ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്രസാർ ഭാരതി സിഇഒ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. രാജ്യസഭാംഗത്വം തീരാൻ 2 വർഷം കൂടി ബാക്കി നിൽക്കെയാണ് രാജി.
അഴിമതിയില്ലാതാക്കാൻ സർക്കാർ ശ്രമിക്കുമെന്ന മോഹം പോലും കെട്ടടങ്ങിയിരിക്കുകയാണ്. ആർ.ജി.കർ മെഡിക്കൽ കോളജിലെ ദു:ഖകരമായ സംഭവത്തിനു ശേഷം ഒരു മാസത്തോളം ക്ഷമയോടെ കാത്തിരുന്നു. പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാരെ കേൾക്കാൻ മമത ബാനർജി എത്തുമെന്നു പ്രതീക്ഷിച്ചു. അതു സംഭവിച്ചില്ല – കത്തിൽ അദ്ദേഹം എഴുതി.