‘ചിന്നവർ’ വരുന്നു; തമിഴകത്തിന്റെ തലയാകാൻ
Mail This Article
ചെന്നൈ ∙ ഡിഎംകെയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുന്നിൽനിന്നു നയിച്ചപ്പോൾ ഉടലും ഉയിരും ഉദയനിധിയായിരുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ ഒന്നൊന്നായി കൃത്യമായി പ്രയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ സീറ്റും പിടിച്ചെടുത്തതോടെ പാർട്ടിയുടെ സൈന്യാധിപനായി മാറിയ ഉദയനിധിയെ ഉപമുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ സ്റ്റാലിന് ഏറെ വിയർക്കേണ്ടിവന്നില്ല.
മകനു പദവി നൽകുന്നതു പ്രതിഛായ ഇല്ലാതാക്കുമോ എന്ന ഭയം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. എന്നാൽ, കായിക മന്ത്രി എന്ന നിലയിൽ കരുത്തു കാട്ടിയതും സനാതന ധർമ വിവാദത്തിൽ നിലപാടിൽ ഉറച്ചുനിന്നതും ഉദയനിധിക്കു കയ്യടി നേടിക്കൊടുത്തു. പാർട്ടിക്കുള്ളിലും പിന്തുണ ഏറിയതോടെ ‘ചിന്നവർക്ക്’ അനുകൂലമായി തീരുമാനം പിറന്നു.
ചെപ്പോക്കിൽനിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഉദയനിധി 2 വർഷം മുൻപാണു മന്ത്രിയായത്. പുതിയ തീരുമാനത്തോടെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്നതും അദ്ദേഹത്തിന്റെ നിയോഗമാണ്. സ്റ്റാലിന്റെ മുഖമായി ഇനി എല്ലായിടത്തും ഓടിയെത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. രാഷ്ട്രീയത്തിൽ ഉദിച്ചുയരാൻ എം.കെ.സ്റ്റാലിന് 50 വയസ്സുവരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥ ഉദയനിധിക്ക് ഉണ്ടാകരുതെന്ന കുടുംബതാൽപര്യവും തുണയായി.
46 വയസ്സുള്ള ഉദയനിധി തമിഴിലെ തിരക്കുള്ള നിർമാതാവും നടനുമാണ്. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ കരുത്തരായ റെഡ് ജയന്റ് മൂവീസിനെ നയിക്കുന്ന അദ്ദേഹത്തിന്റെ തിരക്കുകളും മന്ത്രിപദവിയിൽ എത്തുന്നതു വൈകിയതിൽ ഒരു പങ്കു വഹിച്ചു.