ദലിത് വിദ്യാർഥിക്ക് നഷ്ടമായ ഐഐടി സീറ്റ് തിരിച്ചുനൽകി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ പ്രവേശനസമയത്തു ഫീസടയ്ക്കാൻ കഴിയാതെ വന്നതോടെ ഐഐടി സീറ്റ് നഷ്ടമായ ദലിത് വിദ്യാർഥിയുടെ തുണയ്ക്കായി സുപ്രീം കോടതി ഇടപെട്ടു. ഐഐടി ധൻബാദിൽ ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് കോഴ്സിൽ വിദ്യാർഥിക്കു പ്രവേശനം നൽകാൻ കോടതി നിർദേശിച്ചു. മിടുക്കനായ ഈ ചെറുപ്പക്കാരനെ കയ്യൊഴിയാൻ കോടതിക്കു കഴിയില്ലെന്നു ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.പി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
-
Also Read
യുഎസ് വീസ: 2.5 ലക്ഷം പേർക്കുകൂടി അവസരം
ഭരണഘടനയിലെ 142–ാം വകുപ്പ് പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ അതുൽകുമാറിന് (18) ഐഐടി സീറ്റ് തിരിച്ചുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. സമൂഹത്തിലെ ഏറ്റവും പിന്നാക്കമായ അവസ്ഥയിൽനിന്നു കഷ്ടപ്പെട്ടു പഠിച്ചു വിജയിച്ച വിദ്യാർഥിയെ കൈവിടാനാവില്ലെന്നു കോടതി വ്യക്തമാക്കി.
ഐഐടി ധൻബാദിൽ സീറ്റ് ഉറപ്പിക്കാനുള്ള പ്രവേശനഫീസായ 17500 രൂപ ജൂൺ 24ന് അകം അടയ്ക്കണമായിരുന്നു. എന്നാൽ കൂലിപ്പണിക്കാരനായ അതുലിന്റെ പിതാവിന് ഈ തുക യഥാസമയം അടയ്ക്കാൻ കഴിയാതെ വന്നതോടെ സീറ്റ് നഷ്ടമായി. തുടർന്ന് അതുലിന്റെ മാതാപിതാക്കൾ സഹായം തേടി എസ്‌സി– എസ്‌ടി കമ്മിഷനെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജാർഖണ്ഡിലാണു അതുൽ ജെഇഇക്കു പഠിച്ചത്.
അതിനാൽ ജാർഖണ്ഡ് ലീഗൽ സർവീസസ് അതോറിറ്റിയെയാണ് ആദ്യം സമീപിച്ചത്. അവരാണു പരീക്ഷ നടത്തിയത് മദ്രാസ് ഐഐടിയായതിനാൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചത്. മദ്രാസ് ഹൈക്കോടതിയാകട്ടെ സുപ്രീം കോടതിയെ സമീപിക്കാനും നിർദേശിച്ചു. ഇതിനിടെ 3 മാസം കടന്നുപോയി.
അനുകൂല വിധിക്കൊപ്പം അതുലിന്റെ നിശ്ചയദാർഢ്യത്തിന് കോടതി ‘ഓൾ ദ് ബെസ്റ്റ്’കൂടി പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്. അതുലിന്റെ മറുപടിയും മികച്ചതായി: ‘പാളം തെറ്റിപ്പോയതായിരുന്നു, ട്രെയിൻ പാളത്തിലേക്കു തിരിച്ചുവന്നിരിക്കുന്നു, കോടതിക്കു നന്ദി.’