ADVERTISEMENT

ന്യൂഡൽഹി ∙ ഹോട്ടലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നതിനു കൂടി നിരോധനം കൊണ്ടുവരികയാണ് പുതിയ നിയമഭേദഗതിയിലൂടെ അസം സർക്കാർ ചെയ്തത്. ഗോവധ നിരോധനത്തിനായി കർശന നിയന്ത്രണങ്ങൾ നേരത്തേ നിയമത്തിലുണ്ടായിരുന്നെങ്കിലും പുതിയ നീക്കത്തോടെ ഗോസംരക്ഷണ നടപടികൾ കർശനമാക്കുന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങളുടെ നിരയിലെത്തുന്നതിനൊപ്പം രാഷ്ട്രീയ ലക്ഷ്യവും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ലക്ഷ്യമിടുന്നു.

അസം കന്നുകാലി സംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതിയോടെ ഹോട്ടലുകളിലുൾപ്പെടെ പൊതു ഇടങ്ങളിൽ പശുവിറച്ചി ഉപയോഗിക്കുന്നതിനു നിരോധനമായി. പശു, കിടാവ് തുടങ്ങിയവയുടെ കശാപ്പ് പാടില്ല. നിബന്ധനകളോടെ പോത്തിനെ കശാപ്പ് ചെയ്യാം. ഹിന്ദു, ജൈന, സിഖ് വിഭാഗക്കാർ കൂടുതലായുള്ള സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെയും ആശ്രമങ്ങളുടെയും 5 കിലോമീറ്റർ ചുറ്റളവിൽ ബീഫ് ഉപയോഗം പാടില്ലെന്ന വ്യവസ്ഥ നേരത്തേ തന്നെയുണ്ട്. അതിനു പുറമേയാണ് പൊതു ഇടങ്ങളിലെ ഉപയോഗം പൂർണമായും നിരോധിച്ചത്. കേരളത്തിനു പുറമേ, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, സിക്കിം എന്നിവിടങ്ങളിൽ കശാപ്പ്, ഉപയോഗം, കൈമാറ്റം തുടങ്ങിയവയ്ക്ക് നിരോധനം ഏർപ്പെടുത്തുന്ന തരം നിയമങ്ങളില്ല.അനുമതിയോടെയും മൃഗസംരക്ഷണ നിയമപ്രകാരവും ആകണം കശാപ്പെന്നതു മാത്രമാണ് വ്യവസ്ഥ.

മറ്റു പ്രധാന സംസ്ഥാനങ്ങളിലെ സ്ഥിതി

ഉത്തർപ്രദേശ്∙ പശു, കിടാവ് എന്നിവയുടെ കശാപ്പ്, കടത്ത് എന്നിവ ശിക്ഷാർഹം. തീറ്റയും മറ്റും നൽകാതെ പശുവിന്റെ ജീവൻ അപകടത്തിലാക്കുന്നതും ശിക്ഷാർഹം. പോത്തിനെ കശാപ്പു ചെയ്യുന്നതിനും കഴിക്കുന്നതിനും വിലക്കില്ല.

ബിഹാർ ∙ പശു, കിടാവ് എന്നിവയെ കശാപ്പു ചെയ്യുന്നതിനു നിരോധനം, 15 വയസ്സിനു മുകളിലുള്ള കാള, പോത്ത് എന്നിവയുടെ കശാപ്പ് അനുവദിക്കും.

ഗോവ ∙ ഗോവ, ദാമൻ ആൻഡ് ദിയു പ്രിവൻഷൻ ഓഫ് കൗ സ്ലോട്ടർ നിയമ (1978) പ്രകാരം ഗോവധ നിരോധനമുണ്ട്. വിൽപനയും പാടില്ല.

ഗുജറാത്ത് ∙ കശാപ്പ്, വിൽപന, കൈമാറ്റം തുടങ്ങിയവയ്ക്കെല്ലാം കർശന നിരോധനം. പോത്തിനെ കശാപ്പു ചെയ്യുന്നതിന് ഇതു ബാധകമല്ല.

ഹരിയാന ∙ പശു, കാള, കിടാവ് തുടങ്ങിയവയുടെയെല്ലാം കശാപ്പിനും കൈമാറ്റത്തിനും ഇറച്ചി കയറ്റുമതിക്കും നിരോധനം.

ഹിമാചൽപ്രദേശ് ∙ പശുവിന്റെ കശാപ്പ്, വിൽപന എന്നിവയ്ക്കു നിരോധനം.

ജമ്മു കശ്മീർ ∙ പശു, പോത്ത് എന്നിവയുടെ കശാപ്പിനും വിൽപനയ്ക്കും നിരോധനമുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ഇളവു വന്നു. പുതിയ സർക്കാർ കൊണ്ടുവരുന്ന നിയമം പ്രധാനമാകും.

ജാർഖണ്ഡ് ∙ പശു, മറ്റു കന്നുകാലികൾ എന്നിവയുടെ കശാപ്പ്, കൈമാറ്റം, വിൽപന എന്നിവയ്ക്കു നിരോധനം.

കർണാടക ∙ പശു, കിടാവ് തുടങ്ങിവയുടെ കശാപ്പ്, ഇറച്ചി ആവശ്യത്തിനുള്ള വിൽപന തുടങ്ങിയവയ്ക്കു നിരോധനമുണ്ട്. മറ്റു ബീഫ് ഉൽപന്നങ്ങൾക്ക് പൂർണനിരോധനമില്ല.

മധ്യപ്രദേശ് ∙ കശാപ്പ്, വിൽപന, കൈമാറ്റം എന്നിവയ്ക്കു നിരോധനം.

മഹാരാഷ്ട്ര ∙ പശു, കാള തുടങ്ങിയവയെ കശാപ്പു ചെയ്യുന്നതും ഇറച്ചി ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. പോത്തിന്റെ കശാപ്പിനു നിയമപരമായ തടസ്സമില്ല.

ഒഡീഷ ∙ 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗോവധം. വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ പ്രായമായ കാളയെയും മറ്റും കശാപ്പു ചെയ്യാം. രോഗം പകരാൻ സാധ്യതയുണ്ടെങ്കിൽ ഗോവധം അനുവദിക്കും.

തമിഴ്നാട് ∙ പശുവിനെയും കിടാവിനെയും കശാപ്പു ചെയ്യുന്നതിനു നിരോധനം. ബീഫ് ഉപയോഗിക്കുന്നതിനു നിരോധനമില്ല. സാമ്പത്തികമായി മെച്ചമില്ലെന്നു കണ്ടാൽ മൃഗങ്ങളുടെ കശാപ്പ് അനുവദിക്കും.

പഞ്ചാബ് ∙ പശു, കിടാവ്, കാള തുടങ്ങിയവയെ കശാപ്പു ചെയ്യുന്നതിനു നിരോധനമുണ്ട്. 

ആന്ധ്രപ്രദേശ് ∙ പശു, കിടാവ്, എരുമ തുടങ്ങിവയ്ക്കു പൂർണനിരോധനം. ആചാരത്തിന്റെ ഭാഗമായി പോലും കശാപ്പ് അനുവദിക്കില്ല. ഇറച്ചിക്കായുള്ള കൈമാറ്റത്തിനും നിരോധനം. കർശന നിയന്ത്രണങ്ങളോടെ പോത്തിന്റെ കശാപ്പ് അനുവദിക്കും.

രാജസ്ഥാൻ∙ പശു, കിടാവ്, എരുമ തുടങ്ങിവയുടെ കശാപ്പിനു നിരോധനം. ഇറച്ചി ആവശ്യത്തിനുള്ള കൈമാറ്റത്തിനും വിലക്ക്.

തെലങ്കാന ∙ പശു, കിടാവ് എന്നിവയുടെ കശാപ്പിനു നിരോധനം.

ഛത്തീസ്ഗഡ് ∙ പശു മുതൽ പോത്തു വരെ കൃഷി സംബന്ധിയായ മുഴുവൻ കന്നുകാലികളുടെയും കശാപ്പ്, അവയുടെ ഇറച്ചി കൈവശം വയ്ക്കൽ, വിൽപന, അനധികൃത കടത്ത് എന്നിവയ്ക്കു നിരോധനം.

ഉത്തരാഖണ്ഡ് ∙ ഗോവധത്തിനു നിരോധനം.

English Summary:

Beef Off the Menu: Assam government's new beef ban in public places sparks controversy, raising questions about religious motivations and political agendas under Chief Minister Himanta Biswa Sarma

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com