രാജ്യസഭ: ധൻകറിനെതിരെ ആരോപണം കടുപ്പിച്ച് ഇന്ത്യാസഖ്യം

Mail This Article
ന്യൂഡൽഹി ∙ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ നിലപാടു കടുപ്പിച്ചും ലോക്സഭാ സ്തംഭനം ഒഴിവാക്കാൻ ഉപാധി വച്ചും ഇന്ത്യാസഖ്യം കക്ഷികൾ. യുഎസ് ശതകോടീശ്വരൻ ജോർജ് സോറോസുമായി കോൺഗ്രസിനു ബന്ധമുണ്ടെന്ന് ആരോപിക്കാൻ ബിജെപിയുടെ രാജ്യസഭാ കക്ഷിനേതാവ് ജെ.പി.നഡ്ഡയ്ക്കും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനും ഇന്നലെ വേണ്ടത്ര സമയം നൽകി. എന്നാൽ, മറുപടി പറയാൻ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിക്കു സമയം ലഭിക്കുന്നതിനുമുൻപു സഭ നിർത്തിവച്ചു. രണ്ടുതവണ നിർത്തിവച്ച രാജ്യസഭ 17 മിനിറ്റ് മാത്രമാണ് ചേർന്നത്.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞദിവസം നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ രേഖകളിൽനിന്നു നീക്കിയാൽ സഭാനടപടികളുമായി സഹകരിക്കാമെന്ന് കോൺഗ്രസ് ലോക്സഭാ സ്പീക്കർ ഓം ബിർലയെ അറിയിച്ചു. രാഹുൽ സ്പീക്കറെ കാണുകയും ചെയ്തു. ഇതു പരിശോധിക്കാമെന്നും കോൺഗ്രസ് ദുബെയ്ക്കെതിരെ നൽകിയ അവകാശലംഘന നോട്ടിസുകൾ പരിഗണനയിലാണെന്നും സ്പീക്കർ അറിയിച്ചു. ഒറ്റപ്പെട്ട പ്രതിഷേധം മാറ്റിനിർത്തിയാൽ ലോക്സഭ ഇന്നലെ വൈകിട്ട് 5 വരെ പ്രവർത്തിച്ചു. എന്തു പ്രകോപനമുണ്ടായാലും സഭ മുന്നോട്ടുകൊണ്ടുപോകുക എന്നതാകും കോൺഗ്രസിന്റെ നിലപാടെന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാർ തന്നെ സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് ആദ്യമാണെന്നു പ്രിയങ്ക പറഞ്ഞു.
ഭരണപക്ഷത്തിന് റോസാപ്പൂ
പ്രതിഷേധം നടത്തുന്ന ഇന്ത്യാസഖ്യം, ബിജെപി എംപിമാർക്ക് റോസാപ്പൂവും ത്രിവർണപതാകയും നൽകി. രാജ്യമാണ് വലുതെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നു നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് ദേശീയപതാക നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.
ധൻകറുടെ പെരുമാറ്റം പ്രമോഷനു വേണ്ടി: ഖർഗെ
ന്യൂഡൽഹി ∙ സ്ഥാനക്കയറ്റം കിട്ടാൻ രാജ്യസഭയിൽ ബിജെപിയുടെ വക്താവായി പെരുമാറുകയാണ് ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗദീപ് ധൻകർ എന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പദവിയിൽനിന്നു നീക്കാൻ കഴിഞ്ഞദിവസം പ്രമേയാവതരണത്തിന് നോട്ടിസ് നൽകിയ ഇന്ത്യാസഖ്യം പാർട്ടികൾ ഇന്നലെ ധൻകറിനെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടുമാത്രമാണു പ്രമേയ നീക്കവുമായി മുന്നോട്ടുപോകുന്നതെന്ന വികാരമാണു പ്രതിപക്ഷം പൊതുവിൽ പ്രകടമാക്കിയത്.
സഭാ നടത്തിപ്പ് അലങ്കോലപ്പെടുത്തുന്ന ഒന്നാം നമ്പർ കക്ഷിയാണു ധൻകറെന്ന് ഖർഗെ ആരോപിച്ചു. പക്ഷപാതരഹിതമായി പെരുമാറിയ ഉപരാഷ്ട്രപതിമാരാണ് ഇന്നുവരെ ഉണ്ടായിട്ടുള്ളത്– ഖർഗെ വിശദീകരിച്ചു. ആം ആദ്മി പാർട്ടിയിൽ നിന്നൊഴികെ പ്രതിനിധികൾ യോഗത്തിനെത്തി. തിരഞ്ഞെടുപ്പു കമ്മിഷനുമായുള്ള യോഗത്തിന്റെ തിരക്കുമൂലമാണ് എഎപി പ്രതിനിധി പങ്കെടുക്കാതിരുന്നതെന്നും അവരുടെ 5 എംപിമാരും നോട്ടിസിൽ ഒപ്പിട്ടതായും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
തിരുച്ചി ശിവ (ഡിഎംകെ), നദിമുൾ ഹഖ് (തൃണമൂൽ കോൺഗ്രസ്), സഞ്ജയ് റാവുത്ത് (ശിവസേന താക്കറെ), മനോജ് ഝാ (ആർജെഡി), ജാവേദ് അലി ഖാൻ (എസ്പി), ഫൗസിയ ഖാൻ (എൻസിപി), സർഫ്രാസ് അഹമ്മദ് (ജെഎംഎം), ജോൺ ബ്രിട്ടാസ് (സിപിഎം), പി. സന്തോഷ് കുമാർ (സിപിഐ), ജോസ് കെ.മാണി (കേരള കോൺഗ്രസ്) എന്നിവർ പ്രസംഗിച്ചു.