ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തലവര നിശ്ശബ്ദ വിപ്ലവത്തിലൂടെ തിരുത്തിയെഴുതിയ ധനതന്ത്രജ്ഞൻ

Mail This Article
നിർമലമായൊരു ജീവിതം പൂർത്തിയാക്കിയ മൻമോഹൻ സിങ്ങിനരികെ ഇന്നലെ പൂക്കളും പുസ്തകങ്ങളും പതാകയും പിന്നെ പ്രിയപ്പെട്ടവരുമായിരുന്നു. പുറത്തു നിലയ്ക്കാത്ത മഴയും. മൂന്നേക്കറിൽ നിവർന്നു കിടക്കുന്ന പ്രൗഢിയാണ് ഡൽഹി മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ വസതിക്ക്. മുൻ പ്രധാനമന്ത്രി ഒരു പതിറ്റാണ്ടുകാലമായി താമസിക്കുന്ന ഇടമായിട്ടും അതിന്റെ ആഢംബരങ്ങളേതുമില്ല. സർക്കാരിലെയും രാഷ്ട്രീയത്തിലെയും പ്രധാനപ്പെട്ടവർ മുതൽ സാധാരണ പാർട്ടി പ്രവർത്തകർ വരെ ആ വീടിന്റെ നാഥനെക്കുറിച്ചു സ്നേഹപൂർവം സംസാരിച്ചു. ചിലർ ഉച്ചത്തിൽ, പലരും അടക്കമായി, മറ്റുചിലർ മാധ്യമങ്ങൾക്കു മുന്നിൽ. ആദരവോടെ സംസാരിച്ച അവർക്കെല്ലാം ഇന്നലെ ഒറ്റസ്വരമായിരുന്നു: മൻമോഹനു പകരമൊരാളില്ല.
-
Also Read
ധാർമികത, കരുത്ത്

രാഷ്ട്രീയത്തിലെ എതിർചേരിയിൽ നിന്നുള്ളവർ അദ്ദേഹത്തിന്റെ നയപരിപാടികളെ ശരിവയ്ക്കുന്നതിൽ ഇന്നലെ പിശുക്കിയില്ല. ചരിത്രം എന്നോടു ദയ കാട്ടുമെന്നു പറഞ്ഞ നേതാവിന്റെ വാക്കുകൾ ശരിയായിരിക്കുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നു മൻമോഹന്റെ മൃതദേഹം, വസതിയിലെത്തിച്ചത്. പ്രവർത്തക സമിതി യോഗത്തിനായി കർണാടകയിലായിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പുലർച്ചെ തന്നെ വസതിയിലെത്തി. ഒരു മണിക്കൂറിലേറെ കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന ശേഷം അവർ മടങ്ങി.

രാവിലെ പത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് അവർ മടങ്ങിയതിനു പിന്നാലെ ഇന്ത്യൻ പതാകയുമായി സൈനികരെത്തി. ഉപചാരപൂർവം അവർ പതാക പുതപ്പിച്ചു. ഇതു പൂർത്തിയാകും വരെ സോണിയ ഗാന്ധിയും മറ്റും വീടിന്റെ പൂമുഖത്ത് കാത്തു നിന്നു. ശേഷം, മൃതദേഹത്തെ വലംവച്ച് പൂക്കളർപ്പിച്ച സോണിയ, വീട്ടിനുള്ളിൽ മൻമോഹന്റെ കുടുംബാംഗങ്ങളുമായി അൽപനേരം സംസാരിച്ച ശേഷമാണു മടങ്ങിയത്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അവരുടെ കുടുംബാംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മൻമോഹൻ സിങ്ങിന്റെ സന്ദർശക പുസ്തകത്തിൽ കോൺഗ്രസിനായി അധ്യക്ഷൻ ഖർഗെ അനുശോചന വാക്കുകളെഴുതി. ഉച്ചയ്ക്കു പന്ത്രണ്ടേകാലോടെ രാഷ്ട്രപതി ദ്രൗപദി മുർമു എത്തി. പുഷ്പചക്രം അർപ്പിച്ച് തൊഴുകൈകളോടെ നിന്ന രാഷ്ട്രപതി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉച്ചയ്ക്ക് ശേഷം വന്നു. തുടർന്നു പൊതുജനങ്ങൾക്ക് ആദരാഞ്ജലിയർപ്പിക്കാൻ അവസരം നൽകി. വീടിനുള്ളിലെ ഇടനാഴിയിലൂടെ മൻമോഹനരികിലേക്കു പോകുമ്പോൾ ചുമരിലെ ചിത്രങ്ങളിൽ തെളിയുന്ന പോയ കാലത്തെ സന്ദർശകർ അദ്ഭുതത്തോടെ നോക്കുന്നു. അധ്യാപകനായും ഉദ്യോഗസ്ഥനായും പ്രധാനമന്ത്രിയായും തെളിഞ്ഞ മോഹന കാലം.