മണിപ്പുരിൽ വീണ്ടും വെടിവയ്പ്; ആയുധങ്ങൾ പിടികൂടി

Mail This Article
ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം. കടങ്ബാൻഡ് മേഖലയിലെ കുന്നുകളിൽ നിന്നാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ആധുനിക തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. വില്ലേജ് വോളന്റിയർമാർ തിരിച്ചും വെടിവച്ചു. മുൻപ് കനത്ത ഏറ്റുമുട്ടലുകൾ നടന്ന സ്ഥലമാണിത്. അതിനിടെ ബിഷ്ണുപുർ, തൗബാൽ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു.
-
Also Read
ഡിഎപി വളത്തിന് വില കൂടില്ല
സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ കഴിഞ്ഞദിവസം മാപ്പുപറഞ്ഞ മുഖ്യമന്ത്രി എൻ. ബിരേൻസിങ് സംസ്ഥാനം സമാധാനത്തിലേക്കു നീങ്ങുകയാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അക്രമസംഭവങ്ങളുണ്ടായത്.
മാപ്പുപറഞ്ഞതിനെ വിമർശിച്ച കോൺഗ്രസിനെതിരെ മുഖ്യമന്ത്രി എൻ. ബിരേൻസിങ് രംഗത്തുവന്നു. കോൺഗ്രസ് മുൻകാലങ്ങളിൽ ചെയ്ത പാപത്തിന്റെ ഫലമാണ് ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നത്. മ്യാൻമർ അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള പിഴവുകൾ കോൺഗ്രസ് ചെയ്തു– മുഖ്യമന്ത്രി പറഞ്ഞു.
ഇതേസമയം, ബിരേൻ സിങ്ങിന്റെ മാപ്പപേക്ഷ സിപിഐ സംസ്ഥാന ഘടകം തള്ളി. സംസ്ഥാനത്തെ ഭരണ, നീതിന്യായ വ്യവസ്ഥ തകർന്നതിന്റെ തെളിവാണിതെന്നും ബിരേൻ സിങ് രാജിവയ്ക്കുകയാണ് വേണ്ടതെന്നും സിപിഐ പറഞ്ഞു.