2030-ൽ രാജ്യമാകെ ബാറ്ററി സ്വാപ്പിങ് സെന്ററുകൾ; മാർഗരേഖ പുതുക്കിയിറക്കി കേന്ദ്രം

Mail This Article
ന്യൂഡൽഹി ∙ 5 വർഷത്തിനുള്ളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്കു പുറമേ ബാറ്ററി സ്വാപ്പിങ് സെന്ററുകളും രാജ്യമാകെ വ്യാപിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു. 2030 ആകുമ്പോഴേക്കും ദേശീയപാതകൾ അടക്കമുള്ള പ്രധാനറോഡുകളുടെ വശങ്ങളിൽ 20 കിലോമീറ്റർ ഇടവിട്ട് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ യാഥാർഥ്യക്കാനുള്ള മാർഗരേഖ സെപ്റ്റംബറിൽ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഇതേ മാർഗരേഖ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങൾക്കും ബാധകമാകുമെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പുതുക്കിയ മാർഗരേഖയിൽ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കുന്ന രീതിയാണ് ബാറ്ററി സ്വാപ്പിങ്. നിലവിൽ ഫിക്സ്ഡ് ബാറ്ററി ഉൾപ്പെടെയാണ് വാഹനം വാങ്ങുന്നത്. നിശ്ചിത വരിസംഖ്യ നൽകിയാൽ വാഹനം ഉള്ളിടത്തോളം കാലം മുഴുവൻ ചാർജ് ചെയ്ത ബാറ്ററികൾ ലഭിക്കുന്നതാണ് ബാറ്ററി സ്വാപ്പിങ് രീതി. തീരുമ്പോൾ മാറ്റിവയ്ക്കാം. ചാർജ് ചെയ്യാനായി കാത്തിരിക്കുകയും വേണ്ട.
നഗരമേഖലകളെ ഒരു കിലോമീറ്റർ വീതം നീളവും വീതിയുമുള്ള ചതുരക്കളങ്ങളായി തിരിച്ചാൽ അവയിൽ ഓരോന്നിലും ഒരു ചാർജിങ് സ്റ്റേഷൻ വീതം വേണമെന്നും ഊർജമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. 2030 ൽ ഓരോ ദേശീയപാതയിലും 100 കിലോമീറ്റർ ഇടവിട്ട് വലിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമുണ്ടാകും.സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഭൂമിയിൽ പബ്ലിക് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളും സ്വാപ്പിങ് സെന്ററുകളും തുടങ്ങാനും അവസരമുണ്ടാകും. വരുമാനം പങ്കിടുന്ന തരത്തിലായിരിക്കും ഇത്.