റിപ്പബ്ലിക് ദിനം: സുബിയാന്തോ മുഖ്യാതിഥി; ആദ്യ റിപ്പബ്ലിക് ദിനാഘോഷ അതിഥിയായതും ഇന്തൊനീഷ്യൻ ഭരണാധികാരി

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ 75–ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഇന്തൊനീഷ്യ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോ മുഖ്യാതിഥിയാകുമെന്ന് ഏറക്കുറെ ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യയിൽ നിന്നു നേരിട്ടു പാക്കിസ്ഥാനിലേക്കു പോകാനുള്ള പദ്ധതി സർക്കാർ നടത്തിയ ആശയവിനിമയത്തെ തുടർന്ന് സുബിയാന്തോ ഉപേക്ഷിച്ചുവെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് അദ്ദേഹം മലേഷ്യ സന്ദർശനത്തിനായി പോകും.
1950ൽ ഇന്ത്യ ആദ്യമായി റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോൾ, ഇന്തൊനീഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു പരേഡിലെ മുഖ്യാതിഥി. 2018ൽ മറ്റ് ആസിയാൻ നേതാക്കൾക്കൊപ്പം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങിൽ അതിഥിയായി എത്തിയ അന്നത്തെ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡൊ ഇവിടെ നിന്നു നേരെ പോയത് ഇസ്‍ലാമാബാദിലേക്കായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ഇന്ത്യ സുബിയാന്തോയുടെ ഓഫിസുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.