‘നിസ്സാരകാര്യം മറച്ചുവച്ചെന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കരുത്’

Mail This Article
ചെന്നൈ ∙ മെഡിക്കൽ അവധിയുടെ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ച് ഇൻഷുറൻസ് നൽകാതിരുന്ന കമ്പനിയുടെ നടപടി തെറ്റാണെന്നു വിധിച്ച മദ്രാസ് ഹൈക്കോടതി, നോമിനിക്ക് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു. അധികം പ്രാധാന്യമില്ലാത്ത ചില വസ്തുതകൾ അറിയിച്ചില്ല എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക നിഷേധിക്കാൻ പാടില്ലെന്നു ഹൈക്കോടതി വിധിച്ചു. ഇൻഷുറൻസ് പോളിസിക്കുള്ള അപേക്ഷ ഏജന്റുമാർ പൂരിപ്പിക്കുന്നത് പലപ്പോഴും പോളിസി ഉടമയിൽനിന്നു വിവരങ്ങളൊന്നും തേടാതെയാണെന്നും കുറ്റപ്പെടുത്തി. കോളജ് പ്രിൻസിപ്പലായിരുന്ന ഭർത്താവിന്റെ പേരിലെ ഇൻഷുറൻസ് തുക തടഞ്ഞുവച്ചതിനെതിരെ ഭാര്യ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ജി.കെ.ഇളന്തിരയ്യന്റെ ഉത്തരവ്.
2020 ജനുവരിയിലാണു പോളിസി ഉടമ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചത്. എന്നാൽ, 2016 മുതൽ നെഞ്ചുവേദനയ്ക്കു ചികിത്സ തേടിയിട്ടുണ്ടെന്നും മെഡിക്കൽ ലീവ് വിവരങ്ങൾ മറച്ചുവച്ചെന്നും ആരോപിച്ച് കമ്പനി ക്ലെയിം നിഷേധിച്ചു. മറ്റു രോഗങ്ങളാണ് ബാധിച്ചിരുന്നതെന്നും വിട്ടുമാറാത്ത ഹൃദ്രോഗം ഇല്ലായിരുന്നെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. 5 വർഷമായി ചികിത്സയിലായിരുന്നതോ മെഡിക്കൽ അവധി എടുത്തതോ മറച്ചുവയ്ക്കുന്നത് ക്ലെയിം നിരസിക്കാനുള്ള കാരണമല്ലെന്നു കോടതി വ്യക്തമാക്കി. പോളിസിക്കായി അദ്ദേഹം നേരിട്ടു കമ്പനിയെ സമീപിച്ചതല്ല. ഏജന്റ് നിർബന്ധിക്കുകയായിരുന്നു. പോളിസി ഉടമയോട് ആലോചിക്കാതെയും ഒപ്പ് വാങ്ങാതെയും ഏജന്റ് അപേക്ഷ ഫോം പൂരിപ്പിച്ചു നൽകുകയും ചെയ്തു. അതിനാൽ, വിവരം മറച്ചുവച്ചെന്നു പറയാനാകില്ലെന്നും കോടതി പറഞ്ഞു.