മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം; പ്രയാഗ്‌രാജിൽ 144 വർഷത്തിനുശേഷം മഹാമേള

Mail This Article
പ്രയാഗ്‌രാജ്(യുപി)∙ ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് ഇന്നു തുടക്കം. അപൂർവനിമിഷത്തിനു സാക്ഷികളാകാനും ത്രിവേണീസംഗമപുണ്യം നുകരാനും വിദേശികൾ ഉൾപ്പെടെയുള്ള തീർഥാടകർ ഒഴുകിയെത്തുന്നു. 45 നാൾ നീളുന്ന മേളയിൽ 35 കോടിയിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യുപി ചീഫ് സെക്രട്ടറി മനോജ്കുമാർ സിങ് പറഞ്ഞു. മേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സ്നാനത്തിൽ 25 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ സജ്ജീകരണങ്ങൾക്കായി അധികൃതർ 7,000 കോടി രൂപയാണു ചെലവഴിക്കുന്നത്. 2019ൽ 24 കോടി പേർ പങ്കെടുത്ത കുംഭമേളയ്ക്കുവേണ്ടി 3,500 കോടി രൂപയാണു ചെലവഴിച്ചത്. അന്ന് 3200 ഹെക്ടർ സ്ഥലമാണ് താൽക്കാലിക നഗരവിന്യാസത്തിനായി നീക്കിവച്ചെതങ്കിൽ ഇത്തവണ ഇത് 4000 ഹെക്ടറാണ്.
കഴിഞ്ഞ കുംഭമേള ശുചിത്വത്തിന്റെ കാര്യത്തിൽ പ്രകീർത്തിക്കപ്പെട്ടിരുന്നെന്നും ഇത്തവണ ശുചിത്വത്തിനു പുറമേ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതായും അധികൃതർ പറഞ്ഞു.ഘട്ടുകളുടെ നീളം 8 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററാക്കി. പാർക്കിങ് ഏരിയയും വർധിപ്പിച്ചു. മൂവായിരം ക്യാമറകളുടെ സഹായത്താലാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നത്. ഈമാസം 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടി ഭക്തരെയാണു പ്രതീക്ഷിക്കുന്നത്. സ്നാനത്തിനു വിശേഷപ്പെട്ട 6 ദിവസങ്ങളിലും തീർഥാടകപ്രവാഹമുണ്ടാകുമെന്നതിനാൽ അന്ന് വിഐപികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
മഹാകുംഭമേള
പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള,മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകൾ പലതുണ്ട്. മൂന്നുവർഷം കൂടുമ്പോൾ ഹരിദ്വാർ, പ്രയാഗ്‌രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകൾ നടത്താറുള്ളത്. അർധകുംഭമേള 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്‌രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്‌രാജിൽ മാത്രമാണ് നടക്കുന്നത്. 12 വർഷങ്ങളിലെ ഇടവേളകളിൽ നടത്തപ്പെടുന്ന 12 പൂർണകുംഭമേളകൾക്കു ശേഷമാണ് മഹാകുംഭമേള നടക്കുന്നത്.