ഇന്ത്യാമുന്നണിക്ക് ഉലച്ചിൽ ഇല്ല: അഖിലേഷ്

Mail This Article
ന്യൂഡൽഹി / മുംബൈ ∙ ഇന്ത്യാസഖ്യത്തിന് ഉലച്ചിൽ തട്ടിയിട്ടില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും നേർക്കുനേർ ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിൽ ഇന്ത്യാമുന്നണി പാർട്ടികൾക്കിടയിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അഖിലേഷിന്റെ മറുപടി.
അതേസമയം, സഖ്യത്തിൽ കോൺഗ്രസിനു നേരത്തേയുണ്ടായിരുന്ന മുൻതൂക്കം അംഗീകരിക്കാൻ ഒരുക്കമല്ലെന്ന സൂചനയും നൽകി. ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികൾ ശക്തമാണെന്നും സഖ്യം പ്രാദേശിക പാർട്ടികളെയാണു പിന്തുണയ്ക്കേണ്ടതെന്നും അഖിലേഷ് പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ എസ്പിയും തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിക്കാണു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്ന് ശിവസേന ഉദ്ധവ് പക്ഷം പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മാത്രമായി രൂപീകരിക്കപ്പെട്ട സഖ്യം പിരിച്ചുവിടണമെന്ന അഭിപ്രായം നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പങ്കുവച്ചു. കോൺഗ്രസിനെ എക്കാലത്തും പിന്തുണച്ച ആർജെഡി പോലും അസ്വസ്ഥത പരസ്യമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം നേട്ടമുണ്ടാക്കിയത് കോൺഗ്രസിന് ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ, തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മികവ് ആവർത്തിക്കാതിരുന്നതാണു സഖ്യത്തിൽ അസ്വസ്ഥതയ്ക്കു തുടക്കമിട്ടത്. യുപി ഉപതിരഞ്ഞെടുപ്പിൽ എസ്പി തനിച്ചാണു മത്സരിച്ചത്. ഡൽഹി തിരഞ്ഞെടുപ്പിൽ പരസ്യ വിഴുപ്പലക്കൽ കൂടിയായതോടെ സഖ്യത്തിൽ അസ്വസ്ഥതയേറുന്ന സാഹചര്യമാണ്. ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നു സീലംപുരിൽ റാലി നടത്തും.