മഹാകുഭമേളയിൽ പുണ്യം തേടി അമൃതസ്നാനം

Mail This Article
പ്രയാഗ്‌രാജ് (യുപി) ∙ മഹാകുംഭമേളയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ഇന്നലെ നടന്ന അമൃതസ്നാനത്തിൽ 1.38 കോടിയിലേറെപേർ പങ്കെടുത്തു. പുലർച്ചെ 3ന് ആരംഭിച്ച അമൃതസ്നാനത്തിന് 13 വിഭാഗങ്ങളിൽ (അഖാര) നിന്നുള്ള സന്യാസിമാർ നേതൃത്വം നൽകി. ത്രിശൂലവും കുന്തവുമേന്തി, അടിമുടി ഭസ്മംപൂശി കുതിരപ്പുറത്തെത്തിയ നാഗാസന്യാസിമാരും ചടങ്ങുകളിൽ സംബന്ധിച്ചു. തണുത്തു മരവിച്ച നദീജലത്തിലേക്ക് ഇവർക്കു പിന്നാലെ ‘ഹരഹരമഹാദേവ’ സ്തുതികളുമായി തീർഥാടക ലക്ഷങ്ങളും ഇറങ്ങി. കുഞ്ഞുങ്ങളെ ചുമലിലേന്തിയവരും വൃദ്ധരെ താങ്ങിനടത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മുൻപ് ‘ഷാഹി സ്നാനം’ എന്നറിയപ്പെട്ടിരുന്ന ചടങ്ങാണ് ഇപ്പോൾ അമൃതസ്നാനമായി അറിയപ്പെടുന്നത്. പൗഷപൗർണമിയോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ആദ്യ സ്നാനത്തിൽ 1.75 കോടിയിലേറെ പേർ പങ്കെടുത്തെന്നാണു കണക്ക്. ഫെബ്രുവരി 26ന് അവസാനിക്കുന്ന മേളയിൽ ഇനി 4 പ്രധാന സ്നാനദിനങ്ങൾകൂടിയുണ്ട്.