വിലക്കയറ്റം തടയുന്നതിൽ മോദിയും കേജ്‌രിവാളും പരാജയപ്പെട്ടു: രാഹുൽ

Mail This Article
ന്യൂഡൽഹി ∙ ബിജെപിക്കും ആംആദ്മി പാർട്ടിക്കും എതിരെ ഗുരുതര ആരോപണമുയർത്തി ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം. വിലക്കയറ്റം കുറയ്ക്കുമെന്നു പറഞ്ഞ നരേന്ദ്ര മോദിയും അരവിന്ദ് കേജ്‌രിവാളും അതിൽ പരാജയപ്പെട്ടു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുൻകാലങ്ങളിലെന്ന പോലെ വികസനം ഉറപ്പാണ്. ബിജെപിക്കോ കേജ്‌രിവാളിനോ കഴിയാത്തതു കോൺഗ്രസ് ചെയ്യും.
ഫെബ്രുവരി 5നു നടക്കുന്ന തിരഞ്ഞെടുപ്പിനായി ആദ്യമായി പ്രചാരണത്തിനിറങ്ങിയ രാഹുൽ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുകയും സംവരണ പരിധി ഉയർത്തുകയും ചെയ്യുമെന്ന് സീലംപുരിൽ നടന്ന യോഗത്തിൽ പറഞ്ഞു.
ആശയധാരകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ആളുകളെ തമ്മിലടിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. അക്രമത്തിന് ഇരയായവർക്കൊപ്പം കോൺഗ്രസുണ്ടാകും. വിദ്വേഷമില്ലാത്ത ജനതയാണ് ഇന്ത്യയെന്നതു കൊണ്ട് അർഥമാക്കുന്നത് – രാഹുൽ പറഞ്ഞു.