ADVERTISEMENT

തിരുവനന്തപുരം ∙ ബഹിരാകാശത്തേക്ക് ഇന്ത്യക്കാർക്ക് പ്രവേശിക്കാനുള്ള ആദ്യ പടിക്കെട്ടു നിർമിച്ച സംതൃപ്തിയോടെയാണ് ഐഎസ്ആർഒയുടെ അമരത്തു നിന്ന് ഡോ. എസ്.സോമനാഥ് പടിയിറങ്ങിയത്. സോമനാഥ് സ്ഥാനമൊഴിഞ്ഞു 2 ദിവസത്തിനു ശേഷമാണ് സ്പേഡെക്സ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമായ ഡോക്കിങ് പരീക്ഷണം വിജയിച്ചത്. എങ്കിലും ആ കിരീടം അദ്ദേഹത്തിന്റെ നേതൃത്വ മികവിനുകൂടിയുള്ളതാണ്. 

ദൗത്യത്തിനു പിന്നിലെ പ്രയത്നങ്ങളെ കുറിച്ചും പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ചും ഡോ.സോമനാഥ് ‘മനോരമ’യുമായി സംസാരിക്കുന്നു: 

? ഇന്ത്യയുടെ അഭിമാനമായി മാറി സ്പേഡെക്സ്..പദ്ധതിയുടെ തുടക്കവും വികാസവും എങ്ങനെയായിരുന്നു 

ഡോക്കിങ് സംബന്ധിച്ച് ഒട്ടേറെ ആശയങ്ങൾ തുടക്കത്തിൽ ഉയർന്നു. അതു യാഥാർഥ്യമാക്കാൻ 2 ഉപഗ്രഹങ്ങൾ വേണം. ചെലവ് പറ്റുന്നത്ര കുറയ്ക്കാനായിരുന്നു ആദ്യ ശ്രമം. ഇതൊരു സമർഥന–പ്രദർശന ദൗത്യമാണ്, അതിനാൽ ഉപഗ്രഹത്തിന്റെ ആയുസ്സും വലുപ്പവും കുറവാണ്. ഉപഗ്രഹം ചെറുതാകുമ്പോൾ അതിനു പറ്റിയ ഡോക്കിങ് സംവിധാനം വേണം. മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കു കൊണ്ടുപോകുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഡോക്കിങ് സംവിധാനം മതിയെന്ന് തീരുമാനിച്ചു. ഇതൽപം സങ്കീർണമാണ്. 

2 ഉപഗ്രഹങ്ങൾക്ക് 2 റോക്കറ്റ് വേണം. ആദ്യമിങ്ങനെ കരുതിയെങ്കിലും ഒരു റോക്കറ്റിൽ തന്നെ 2 ഉപഗ്രഹങ്ങൾ കൊണ്ടു പോകാമെന്നായി അടുത്ത ചിന്ത. പിഎസ്‌എൽവി റോക്കറ്റിൽ കൊണ്ടുപോകേണ്ടത്രയും ഭാരം ഈ ഉപഗ്രഹങ്ങൾക്ക് ഇല്ലായിരുന്നു. അങ്ങനെയാണ് പിഎസ്എൽവിയുടെ നാലാം പ്രൊപ്പൽഷൻ ഘട്ടത്തെ (പിഎസ്4) പോയം 4 എന്ന ചെറു ഉപഗ്രഹമാക്കിയത്. അതിൽ പഠനോപകരണങ്ങൾ (പേലോഡ്) ഉൾപ്പെടുത്തി സമ്പൂർണ ദൗത്യമായാണ് സ്പേഡെക്സ് വിക്ഷേപിച്ചത്. ഡോക്കിങ് പരീക്ഷണം പൂർത്തിയാക്കിയ ശേഷവും ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നതിനായി ഉപഗ്രഹ ക്യാമറകളുടെ ചെറുപതിപ്പ് സ്പേഡെക്സിൽ ഉപയോഗിച്ചു. 

?തയാറെടുപ്പുകൾ എങ്ങനെയായിരുന്നു

ബഹിരാകാശ സാഹചര്യം ഭൂമിയിൽ കൃത്രിമമായി സൃഷ്ടിക്കുന്ന ലാബ് 4 വർഷം കൊണ്ട് തയാറാക്കി. പല വിപുലമായ പരിശോധനകൾ നടത്തിയ ശേഷമായിരുന്നു വിക്ഷേപണം. 

? സ്പേഡെക്സ് ഉപഗ്രഹങ്ങളുടെ നിർമാണം സ്വകാര്യ മേഖലയ്ക്കു കൈമാറിയത് എന്തുകൊണ്ട്?

ഉപഗ്രഹഭാഗങ്ങൾ കൂട്ടിച്ചേർക്കാനും പരിശോധിച്ചുറപ്പിക്കാനുമുള്ള കരാറാണ് അനന്ത ടെക്നോളജീസിനു (എടിഎൽ) നൽകിയത്. റോക്കറ്റ് നിർമാണത്തിൽ എടിഎൽ മുൻപേ ഐഎസ്ആർഒയുടെ പങ്കാളികളാണ്. റോക്കറ്റിന്റെ ഇലക്ട്രിക്കൽ, വയറിങ് ജോലികൾ ചെയ്യുന്നത് അനന്ത ടെക്നോളജീസ് ആണ്. സ്വകാര്യ മേഖലയ്ക്കു നൽകിയതു കൊണ്ട് ചെലവ് കുറഞ്ഞിട്ടില്ല. 

? ചെറിയ ഉപഗ്രഹങ്ങൾ വെല്ലുവിളിയായോ

ചെറിയ ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാൻ വളരെ പ്രയാസമാണ്. വലിയ കൃത്യത വേണം. ചെറിയ തള്ളലിൽ പോലും ഉപഗ്രഹം കറങ്ങിപ്പോകും. 

? ചന്ദ്രയാൻ 4, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നിവ യാഥാർഥ്യമാകാനുള്ള ഡോക്കിങ് സാങ്കേതികവിദ്യയിലേക്ക് കടമ്പകളുണ്ടോ

ഈ പറഞ്ഞ ദൗത്യങ്ങളിൽ ചന്ദ്രയാൻ 4 ആകും ആദ്യം നടക്കുക. ഇവയ്ക്കെല്ലാം ഡോക്കിങ് സാങ്കേതികവിദ്യ ഇതു തന്നെ മതി. പക്ഷേ, ഇനിയുള്ള പ്രധാന പ്രശ്നം ഭ്രമണപഥവുമായി ബന്ധപ്പെട്ടതാണ്. സ്പേഡെക്സ് പരീക്ഷണം നടത്തിയത് വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ്. ചന്ദ്രയാൻ 4 ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക ദീർഘവൃത്താകൃതിയുള്ള (എലിപ്റ്റിക്കൽ) ഭ്രമണപഥത്തിലാണ്. അത്തരം ഭ്രമണപഥങ്ങളിൽ ഡോക്കിങ് നടത്തുക പ്രയാസകരമാണ്. 

അടുത്ത ഡോക്കിങ് ദൗത്യത്തിൽ അതുറപ്പിക്കാനാകും. ചന്ദ്രയാൻ 4 ദൗത്യത്തിൽ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. ചന്ദ്രനിലെ ഭ്രമണപഥത്തിൽ നടത്തേണ്ടി വരുന്ന ഡോക്കിങ്ങാണ് ഇത് . 

വിജയനാഥൻ

∙ ഐഎസ്ആർഒയ്ക്ക് പൊൻതൂവലുകൾ നൽകിയ സോമനാഥ്


തിരുവനന്തപുരം ∙ 2023 ഓഗസ്റ്റ് 23 ന് വൈകിട്ട് 6.04 ന് വിക്രം ലാൻഡർ ചന്ദ്രന്റെ തെക്കേ ധ്രുവത്തിൽ പറന്നിറങ്ങിയത് ഇന്ത്യൻ മികവിന്റെ അടയാളപ്പെടുത്തലായി. ഇതുൾപ്പെടെ ശ്രദ്ധേയ നേട്ടങ്ങൾ രാജ്യത്തിനു സമ്മാനിച്ചാണു ഡോ.എസ്.സോമനാഥ് അരങ്ങൊഴിഞ്ഞത്. ഡോക്കിങ് വിജയത്തിലൂടെ അദ്ദേഹത്തിനു ലഭിച്ചത് മഹത്തായ ഒരു കരിയറിനുള്ള ഗ്രാൻഡ് സല്യൂട്ട്. 

1985 ൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സേവനമാരംഭിച്ച ഡോ.സോമനാഥ് വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, തിരുവനന്തപുരം വിഎസ്‌എസ്‌സി എന്നിവയുടെ ഡയറക്ടറായിരുന്നു. 2022 ജനുവരി 15 ന് ഐഎസ്ആർഒ ചെയർമാനായി. കഴിഞ്ഞ 14 ന് സ്ഥാനമൊഴിഞ്ഞു. സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ച സമയത്താണ് സോമനാഥ് കാൻസർ ബാധിതനാണെന്ന് അറിഞ്ഞത്. ഇതിൽ തളരാതെ രോഗമുക്തനായ അദ്ദേഹം വീണ്ടും കർമനിരതനായി മറ്റു ദൗത്യങ്ങൾക്കു നേതൃത്വം നൽകി. 

മറ്റു പ്രധാന സംഭാവനകൾ

∙ ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും സംരംഭങ്ങളും വളർത്തി. അവർക്കായി പ്രത്യേക വിക്ഷേപണത്തറകൾ.

∙ എസ്എസ്എൽവി ചെറുറോക്കറ്റ് യാഥാർഥ്യമാക്കി.

∙ റോക്കറ്റ്, ഉപഗ്രഹ നിർമാണങ്ങളിൽ സ്വകാര്യ മേഖലയ്ക്കു കൂടുതൽ പങ്കാളിത്തം.

∙ വൺ വെബ് ഉൾപ്പെടെയുള്ള വിദേശ കമ്പനികളുടെ ഉപഗ്രഹങ്ങളുടെ വാണിജ്യ വിക്ഷേപണം.

∙ ഗഗൻയാൻ, ചന്ദ്രയാൻ 4, ശുക്രനിലേക്കുള്ള വീനസ് ഓർബിറ്റർ മിഷൻ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ തുടങ്ങിയ ദൗത്യങ്ങൾക്ക് തുടക്കമിട്ടു.

English Summary:

SpadEx Success: Former Chairman S. Somanath on the docking success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com