ശ്രീ വിളങ്ങും കോട്ട; നൂറാം വിക്ഷേപണത്തിന് തയാറെടുത്ത് ശ്രീഹരിക്കോട്ട

Mail This Article
ചെന്നൈ ∙ നൂറാം വിക്ഷേപണത്തിനായി തയാറെടുക്കുന്ന ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ആത്മവിശ്വാസമേറ്റുന്നതാണു സ്പേഡെക്സ് വിജയം. ചന്ദ്രയാൻ 3, ആദിത്യ എൽ1 അടക്കമുള്ള നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും കഴിഞ്ഞ 2 വർഷത്തിനിടെ പിഴവില്ലാതെ പൂർത്തിയാക്കിയതോടെ ലോകരാജ്യങ്ങൾക്കിടയിലും ശ്രീഹരിക്കോട്ട വിശ്വസ്ത വിക്ഷേപണ കേന്ദ്രമായി മാറി. റോക്കറ്റുകളുടെ ഘടകങ്ങൾ വേഗത്തിൽ കൂട്ടിച്ചേർക്കാനും ദൗത്യം നിയന്ത്രിക്കാനും ശാസ്ത്രീയ പരീക്ഷണങ്ങൾക്കുമെല്ലാം പര്യാപ്തമാണ് ശ്രീഹരിക്കോട്ടയെന്നും തെളിഞ്ഞു.
ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് നാവിഗേഷൻ ഉപഗ്രഹം എൻഎവി 02 വിണ്ണിലെത്തിക്കുന്ന വിക്ഷേപണമാണ് നൂറാമതായി നടക്കുക. ബഹിരാകാശത്തേക്കു മനുഷ്യനെയെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യഘട്ടമായ ആളില്ലാ വിക്ഷേപണം മാർച്ചിൽ നടക്കും. ഇതിനായുള്ള ക്രൂ മൊഡ്യൂൾ അടക്കം തയാറായിക്കഴിഞ്ഞു. ഏറ്റവും വലിയ ചെലവിൽ നിർമിച്ച (12,505 കോടി രൂപ) ഭൗമനിരീക്ഷണ ഉപഗ്രഹമാണു നാസയുമായി ചേർന്നുള്ള നിസാർ ദൗത്യത്തിൽ വിക്ഷേപിക്കുക. ഇതിനൊപ്പം ചന്ദ്രയാൻ 4 അടക്കം ദൗത്യങ്ങൾക്കും തയാറെടുക്കുകയാണു സതീഷ് ധവാൻ സ്പേസ് സെന്റർ. മലയാളിയായ എ.രാജരാജനാണ് സ്പേസ് സെന്റർ ഡയറക്ടർ.
മുൻ പ്രസിഡന്റും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ 1979 ഓഗസ്റ്റ് 10നു നടത്തിയ എസ്എൽവി– 01 ആണ് ശ്രീഹരിക്കോട്ടയിൽ നിന്നു ആദ്യം നടത്തിയ ബഹിരാകാശ ദൗത്യം.