എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി

Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. റെയിൽവേയും പ്രതിരോധവും ഉൾപ്പെടെ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. കമ്മിഷന്റെ അധ്യക്ഷനെയും 2 അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് 20 ദിവസം ബാക്കിനിൽക്കെയാണ് നിർണായക തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്. കേന്ദ്രജീവനക്കാർ ഏറെയുള്ള ഡൽഹിയിൽ മാത്രം 4 ലക്ഷത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഡൽഹി സർക്കാരിലെ ജീവനക്കാരും ഉൾപ്പെടും. 2014 ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശ 2016 ജനുവരി ഒന്നിന് മോദി സർക്കാരിന്റെ കാലത്താണ് നടപ്പായത്. ഇതിന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിക്കും. എട്ടാം കമ്മിഷന്റെ ശുപാർശകൾ 2026 ജനുവരി ഒന്നിനു പ്രാബല്യത്തിലാകും.