ഭാവിയിലേക്കുള്ള പാലം; മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലും നിലയനിർമാണത്തിലും നിർണായകം

Mail This Article
കോട്ടയം∙ നിലവിൽ 2 ഉപഗ്രഹങ്ങളെ ബന്ധിപ്പിച്ച് ഡോക്കിങ് നടത്തുന്നത്, അനന്ത സാധ്യതകളുള്ള സാങ്കേതികവിദ്യയാണ്. പല ഹോളിവുഡ് സയൻസ് ഫിക്‌ഷൻ സിനിമകളിലും ഒരു വലിയ മാതൃപേടകവുമായി ചെറിയ പേടകങ്ങൾ ഡോക്ക് ചെയ്യുകയും വേർപെടുകയുമൊക്കെ ചെയ്യുന്ന രംഗങ്ങളുണ്ട്. ഇതൊക്കെ ഡോക്കിങ്ങിന്റെ ഭാവനാത്മകമായ സാധ്യതകളാണ്.
-
Also Read
എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി
രാജ്യാന്തര ബഹിരാകാശ നിലയത്തിലൊക്കെ പേടകങ്ങൾ വന്നു കൂടിച്ചേരുന്നതൊക്കെ ഡോക്കിങ്ങിന്റെ ഇന്നുള്ള ഉദാഹരണങ്ങളും. ഒരേ ഭ്രമണപഥത്തിലുള്ള 2 ഉപഗ്രഹങ്ങൾക്കു പരസ്പരം കണ്ടെത്താനും സംയോജനം നടത്താനുമുള്ള ശേഷിയാണു ഡോക്കിങ്. ബന്ധം സ്ഥാപിച്ചാൽ പരസ്പരം ഊർജവും വൈദ്യുതിയും സാമഗ്രികളുമൊക്കെ കൈമാറും, യാത്രാപേടകങ്ങളിൽ മനുഷ്യരെയും. യുഎസ് ആണ് ഡോക്കിങ്ങിനുള്ള കരടു സാങ്കേതികവിദ്യ വികസിപ്പിച്ചത്.
നീൽ ആംസ്ട്രോങ്ങിന്റെ നേതൃത്വത്തിൽ ജെമിനി 8 ദൗത്യത്തിലായിരുന്നു ആദ്യവിജയം. പിന്നീട് മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളിൽ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചു. ഓട്ടമാറ്റിക് രീതിയിൽ ഡോക്കിങ് വികസിപ്പിച്ചെടുത്തത് സോവിയറ്റ് യൂണിയനാണ്. 1967ൽ ഇവർ ഈ വിദ്യ പരീക്ഷിച്ചു. സ്പേസ് സ്റ്റേഷനുകൾ പോലെ പല മൊഡ്യൂളുകളായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേർക്കേണ്ട നിർമിതികളിൽ ഡോക്കിങ് അത്യന്താപേക്ഷിതമാണ്.
നിലവിൽ ബഹിരാകാശത്തു നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ടിയൻഗോങ് നിലയമൊക്കെ ഈ മട്ടിലാണു മുന്നോട്ടുപോകുന്നത്. ചന്ദ്രയാൻ 4 പേടകം ചന്ദ്രനിലേക്ക് എത്തുന്നതിനു മുൻപ്, ബഹിരാകാശത്തെ ഭ്രമണപഥത്തിൽ പലഭാഗങ്ങൾ കൂട്ടിച്ചേർത്താണു നിർമിക്കേണ്ടത്. ബഹിരാകാശത്തു സ്വന്തം തട്ടകമെന്ന ഇന്ത്യയുടെ സ്വപ്നം യാഥാർഥ്യമാക്കാനും ഡോക്കിങ് ശേഷി അനിവാര്യമാണ്.
വിദൂരഭാവിയിൽ ഭൂമിയിൽനിന്നു ചന്ദ്രനിലേക്കും അതുവഴി മറ്റു ഗ്രഹങ്ങളിലേക്കുമൊക്കെ പര്യവേക്ഷണം വ്യാപിപ്പിക്കാൻ പല രാജ്യങ്ങളും ഏജൻസികളും പദ്ധതികൾ തയാറാക്കുന്നുണ്ട്. ആ സ്വപ്നം കാണുന്നവരിൽ ഇന്ത്യയുമുണ്ട്. മറ്റു ഗ്രഹങ്ങളിലൊക്കെ എത്തുന്ന മാതൃപേടകത്തിൽനിന്ന് ക്യാപ്സ്യൂൾ വാഹനങ്ങളിലേറി ലാൻഡ് ചെയ്യാനും സന്ദർശനത്തിനു ശേഷം തിരികെ മാതൃപേടകത്തിൽ കയറാനുമൊക്കെ ഡോക്കിങ്ങിലൂടെ കൈവരിക്കുന്ന സാങ്കേതിക വളർച്ച നിർണായകമാകും.
സ്പേഡെക്സ്
∙സ്പേസ് ഡോക്കിങ് എക്സ്പിരിമെന്റ് എന്നതിന്റെ ചുരുക്കരൂപമാണ് സ്പേഡെക്സ്.
∙യുആർ റാവു ഉപഗ്രഹകേന്ദ്രമാണ് ഈ ദൗത്യത്തിലെ ഉപഗ്രഹങ്ങൾ പ്രധാനമായും നിർമിച്ചത്.
∙2017ൽ കേന്ദ്രസർക്കാർ പദ്ധതിക്ക് അംഗീകാരം നൽകി.
∙ചേസർ ഉപഗ്രഹത്തിലെ ക്യാമറ നിർമിച്ചത് സ്പേസ് ആപ്ലിക്കേഷൻ സെന്റർ