ഡോക്കിങ് ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

Mail This Article
ന്യൂഡൽഹി∙ വ്യാഴാഴ്ച വിജയകരമായി നടത്തിയ ഡോക്കിങ് പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. സമൂഹമാധ്യമം എക്സിലൂടെയാണു 6 മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. ഡോക്കിങ്ങിനായുള്ള സ്പേഡെക്സ് ഉപഗ്രഹങ്ങൾ വഹിച്ച് റോക്കറ്റ് ഉയർന്നു പൊങ്ങുന്നതു മുതൽ കൺട്രോൾ റൂമിലെ സന്തോഷനിമിഷങ്ങളും വിശദീകരണങ്ങളുമെല്ലാം വിഡിയോയിലുണ്ട്. ഇതിനിടെ വിരമിച്ച ചെയർമാൻ എസ്.സോമനാഥിന് ഐഎസ്ആർഒ വിക്രം സാരാഭായ് പ്രഫസർഷിപ് നൽകി. 2 വർഷത്തേക്കാണു കാലാവധിയെന്ന് പുതിയ ചെയർമാൻ വി.നാരായണൻ അറിയിച്ചു.വിരമിച്ച ഉന്നത സാങ്കേതികവിദഗ്ധരുടെ സേവനം വീണ്ടും ഉറപ്പാക്കാനായാണു വിക്രം സാരാഭായ് പ്രഫസർഷിപ് ഐഎസ്ആർഒ നൽകുന്നത്. സോമനാഥിനു മുൻപ് ചെയർമാനായിരുന്ന കെ.ശിവനു നൽകിയ ഇതേ പ്രഫസർഷിപ്പും രണ്ടുവർഷത്തേക്ക് നീട്ടിയിട്ടുണ്ട്.ഇതിനിടെ ഡോക്കിങ്ങിൽ വിജയം നേടിയ ഐഎസ്ആർഒയെ ചൈനീസ് ബഹിരാകാശ ഏജൻസി അഭിനന്ദിച്ചു.