മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഷെയ്ഖ് ഹസീന

Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ ഓഗസ്റ്റ് 5 ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിൽ താനും സഹോദരി രഹാനയും മരണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വെളിപ്പെടുത്തി. അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന (77) സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് മരണം കൺമുന്നിൽ കണ്ട അനുഭവം വിവരിച്ചത്.
20–25 മിനിറ്റ് വൈകിയിരുന്നെങ്കിൽ മരണം ഉറപ്പായിരുന്നു. ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട വേറെയും സന്ദർഭങ്ങൾ ഓർമിച്ച അവർ ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തിനു നന്ദി പറഞ്ഞു. ‘‘മഹത്തായ എന്തെങ്കിലും എന്നിൽനിന്നു പ്രതീക്ഷിക്കുന്നതാകാം ദൈവത്തിന്റെ പദ്ധതി. വീടും നാടുമില്ലാതെ ഞാൻ കഷ്ടപ്പെടുകയാണ്. എല്ലാം തീവച്ചുനശിപ്പിച്ചു’’– സംസാരത്തിനിടയിൽ മുൻപ്രധാനമന്ത്രിയുടെ ശബ്ദം ഇടറി. രാഷ്ട്രീയ എതിരാളികൾ തന്നെ വധിക്കാൻ ഗൂഢപദ്ധതി തയാറാക്കുകയാണെന്നും ഹസീന ആരോപിച്ചു.