മതനിരപേക്ഷ സഖ്യം ശക്തമാക്കണം: സിപിഎം

Mail This Article
കൊൽക്കത്ത ∙ ബിജെപിക്കെതിരെ വിശാല മതനിരപേക്ഷ സഖ്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പറഞ്ഞു. പാർട്ടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കുന്നതിനൊപ്പം ഇടതു സഖ്യം ശക്തമാക്കണമെന്നും ആശയപ്രചാരണം ശക്തിപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ബിജെപിക്കെതിരെയുള്ള സഖ്യത്തിൽ കോൺഗ്രസിന്റെ പങ്ക് നിർണായകമാണെന്ന് ബംഗാളിൽനിന്നുള്ള മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ബിജെപി സർക്കാരുകൾ നടപ്പിലാക്കുന്ന സൗജന്യങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ട്. രാഷ്ട്രീയവിഷയങ്ങളെയും തൊഴിലില്ലായ്മ ഉൾപ്പെടെയുള്ളവയെയും മറികടക്കാൻ പലപ്പോഴും ഇത്തരം സൗജന്യങ്ങൾക്ക് സാധിക്കുന്നു.
24-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യുന്ന കേന്ദ്ര കമ്മിറ്റി ഇന്ന് അവസാനിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. സിപിഎമ്മിന്റെ സീനിയർ നേതാക്കളിൽ പലരും 75 പ്രായപരിധി പിന്നിടുകയാണ്. ഇതും യോഗത്തിൽ ഉയർന്നേക്കാം. പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കേന്ദ്ര കമ്മിറ്റിയിലാകും ഇക്കാര്യം വിശദമായി ചർച്ച ചെയ്യുകയെന്നാണ് സൂചന.
പിണറായി വിജയൻ, പ്രകാശ് കാരാട്ട്, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, സുർജ്യകാന്ത മിശ്ര, തപൻസെൻ, രാഘവലു, ജി.രാമകൃഷ്ണൻ എന്നിവർ പാർട്ടി നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞവരോ അടുത്ത മാസങ്ങളിൽ പ്രായപരിധി എത്തുന്നവരോ ആണ്. പിണറായി വിജയന് പ്രായപരിധി നേരത്തെ നീട്ടിനൽകിയിരുന്നു. എന്നാൽ, മുതിർന്ന നേതാക്കളിൽ പലരും പ്രായപരിധിയിൽ ഇളവ് വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.