നടപടിക്രമം ലളിതമാക്കി ഇപിഎഫ്ഒ; വ്യക്തിവിവരം അംഗത്തിന് നേരിട്ടു തിരുത്താം

Mail This Article
ന്യൂഡൽഹി∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ രേഖകളിൽ വ്യക്തിപരമായ വിവരങ്ങളിലെ തെറ്റ് അംഗങ്ങൾക്ക് ഇനി ഓൺലൈൻ ആയി നേരിട്ടു തിരുത്താം. തെറ്റുതിരുത്തലിനു തൊഴിലുടമ വഴി ഇപിഎഫ്ഒയിൽ അപേക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കി. ആധാറുമായി ബന്ധപ്പെടുത്തിയ ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക്, തൊഴിലുടമ മാറുമ്പോൾ അക്കൗണ്ട് പുതിയ കമ്പനിയിലേക്കു മാറ്റാൻ നേരിട്ട് അപേക്ഷിക്കാമെന്നും പഴയ തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നതുടമക്കമുള്ള മാറ്റങ്ങൾ വരുത്തിയതായും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
പേര്, ജനനത്തീയതി, ലിംഗം, മാതാപിതാക്കളുടെ പേര്, വിവാഹം കഴിച്ചതാണോ, പങ്കാളിയുടെ പേര്, ജോലിയിൽ ചേർന്ന തീയതി, ജോലി വിട്ട തീയതി, പൗരത്വം എന്നിവയാണ് ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുള്ള അംഗങ്ങൾക്ക് ഇനി ഓൺലൈൻ ആയി സ്വയം തിരുത്താൻ കഴിയുക. ഇതിന്, ഇനി തൊഴിലുടമയുടയ്ക്ക് അപേക്ഷ നൽകുകയോ ഇപിഎഫ്ഒ അത് അംഗീകരിക്കുകയോ അനുബന്ധ രേഖകൾ സമർപ്പിക്കുകയോ ചെയ്യേണ്ട. ഇതിനകം അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് അപേക്ഷ ഒഴിവാക്കി പുതിയ രീതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയും.
ആധാറുമായി ബന്ധപ്പെടുത്തിയ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) നൽകിത്തുടങ്ങിയ 2017 ഒക്ടോബർ ഒന്നിനു മുൻപു യുഎഎൻ ലഭിച്ചവരുടെ തൊഴിലുടമയ്ക്ക് ഇപിഎഫ്ഒയുടെ അംഗീകാരമില്ലാതെ തന്നെ ഇനി ഈ മാറ്റങ്ങൾ വരുത്താം. ഇപിഎഫ്ഒയ്ക്കു ലഭിക്കുന്ന അപേക്ഷകളിൽ 27 ശതമാനവും വ്യക്തിവിവരങ്ങളിലെ തെറ്റുതിരുത്താനുള്ളതാണ്. അനുബന്ധ രേഖകളിൽ ഇളവുകൾ നൽകി. യുഎഎൻ ആധാറുമായി ബന്ധപ്പെടുത്താത്തവർ തൊഴിലുടമ വഴി നൽകുന്ന അപേക്ഷ മാത്രമേ ഇനി ഇപിഎഫ്ഒ നേരിട്ടു പരിശോധിക്കൂ.
നടപടികൾ ലളിതമാക്കിയത് അപേക്ഷകർക്കും തൊഴിലുടമകൾക്കും ഇപിഎഫ്ഒ ജീവനക്കാർക്കും ആശ്വാസം നൽകും. നടപ്പു സാമ്പത്തിക വർഷത്തിൽ, 8 ലക്ഷം അപേക്ഷകളാണ് തെറ്റുതിരുത്താൻ ഇപിഎഫ്ഒയ്ക്കു ലഭിച്ചത്. തെറ്റുതിരുത്തൽ അപേക്ഷ, തൊഴിലുടമ വഴി ഇപിഎഫ്ഒയിലെത്താൻ ശരാശരി 28 ദിവസമെടുക്കുന്നതായും തൊഴിലുടമ മാറുമ്പോൾ അക്കൗണ്ട് മാറ്റാനുള്ള അപേക്ഷ ശരാശരി 13 ദിവസമെടുക്കുന്നതായും ഇപിഎഫ്ഒ അധികൃതർ അറിയിച്ചു.