ആദായനികുതി ബിൽ: ബജറ്റ് സമ്മേളനത്തിൽ

Mail This Article
ന്യൂഡൽഹി∙അനാവശ്യ നിബന്ധനകൾ ഒഴിവാക്കി നടപടിക്രമം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ആദായനികുതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ആദായനികുതി നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിലാക്കാനും ലക്ഷ്യമിടുന്ന ബിൽ, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ (മാർച്ച് 10–ഏപ്രിൽ 4) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തർക്കങ്ങളും നിയമനടപടികളും പരമാവധി ഒഴിവാക്കുകയാണു ലക്ഷ്യം. നിയമ വ്യവസ്ഥകളിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്. സമഗ്രമായ പരിഷ്കരണം ഉണ്ടാകുമെന്നാണു വിവരം.
പുതിയ ആദായനികുതി നിയമം കൊണ്ടുവരുമെന്നു കഴിഞ്ഞ ബജറ്റ് അവതരണ വേളയിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ആദായനികുതി നിരക്കിലെയോ സ്ലാബുകളിലെയോ മാറ്റമല്ല ബില്ലിലുണ്ടാവുക. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെയും 22 ഉപസമിതികളെയും ബില്ലിലെ വ്യവസ്ഥകൾക്കു രൂപം നൽകാൻ നിയോഗിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നു 6,500 ൽ ഏറെ നിർദേശങ്ങൾ ആദായനികുതി വകുപ്പിനു ലഭിച്ചിരുന്നു.