ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ : ആവേശമായി ബെളഗാവിയിൽ കോൺഗ്രസ് മഹാറാലി

Mail This Article
ബെംഗളൂരു ∙ ഭരണഘടനയെയും ഗാന്ധിജിയുടെയും അംബേദ്കറുടെയും ആശയങ്ങളെയും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയുമായി ബെളഗാവിയിൽ കോൺഗ്രസിന്റെ മഹാറാലി. 1924 ൽ മഹാത്മാഗാന്ധി അധ്യക്ഷനായി ചേർന്ന ഏക ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മുദ്രാവാക്യമുയർത്തി റാലി സംഘടിപ്പിച്ചത്.
ബെളഗാവി സുവർണ വിധാൻ സൗധ പരിസരത്ത് 25 അടി ഉയരമുള്ള ഗാന്ധിപ്രതിമ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അനാവരണം ചെയ്തു. ഗാന്ധിജി, അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ, ജവാഹർലാൽ നെഹ്റു എന്നിവർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്ന വ്യാജ പ്രചാരണം നടത്തുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. പൊതുജനമധ്യത്തിൽ ഗാന്ധിജിയെ ആദരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രഹസ്യമായി ഗാന്ധി ഘാതകൻ ഗോഡ്സെയെ ബഹുമാനിക്കുന്നതായും ഖർഗെ കുറ്റപ്പെടുത്തി.
ഭരണഘടന സംരക്ഷിക്കാൻ ജീവൻ നൽകാനും കോൺഗ്രസ് തയാറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ജയിലിൽ നിന്ന് മാപ്പ് എഴുതി നൽകിയ പാരമ്പര്യമല്ല, സ്വാതന്ത്ര്യത്തിനായി പോരാടിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. എത്ര കള്ളക്കേസുകളിൽ ഉൾപ്പെടുത്തിയാലും ഭയപ്പെടില്ല.
ഗാന്ധിജിയുടെ ഹിന്ദുത്വത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ പ്രസംഗിച്ചു. ഇതിനിടെ, പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ബിജെപി എംഎൽഎ എസ്.ടി. സോമശേഖർ ഗാന്ധി പ്രതിമ അനാവരണ ചടങ്ങിൽ പങ്കെടുത്തത് കോൺഗ്രസിന് ആവേശം പകർന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഹുൽ ഗാന്ധി ചടങ്ങിന് എത്തിയില്ല.