ആർ.ജി.കർ മെഡിക്കൽ കോളജ് കേസ്: വിധിയിൽ നിരാശ; പ്രതിഷേധം, പ്രകടനം

Mail This Article
കൊൽക്കത്ത ∙ ആർ.ജി.കർ കേസിൽ വിധി പുറപ്പെടുവിച്ച സിയാൾഡ കോടതിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളരുടെ പ്രതിഷേധം. പ്രതിക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു പേരാണു കോടതിക്കു മുൻപിലെത്തിയത്. പ്രതി സഞ്ജയ് റോയിക്കു വധശിക്ഷയില്ലെന്ന് അറിഞ്ഞതോടെ സമരക്കാർ പൊട്ടിത്തെറിച്ചു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് നഗരത്തിന്റെ പലഭാഗങ്ങളിലും രാത്രി പ്രകടനങ്ങൾ നടന്നു.
രാവിലെ പത്തരയോടെയാണു പ്രതിയെ കോടതിയിലേക്കു കൊണ്ടുവന്നത്. പ്രതിഷേധം ഭയന്ന് അഞ്ഞൂറിലധികം പൊലീസുകാരെ കോടതിക്കു ചുറ്റും വിന്യസിച്ചിരുന്നു. സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് പെൺകുട്ടിയുടെ കുടുംബവും സിബിഐ അഭിഭാഷകനും ആവശ്യപ്പെട്ടു. നീതിന്യായവ്യവസ്ഥയിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാകാൻ ഇത് അനിവാര്യമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
പ്രതിക്കു സംസാരിക്കാൻ കോടതി അനുവാദം നൽകി. പൊലീസ് തന്നെ മനഃപൂർവം കുരുക്കുകയായിരുന്നുവെന്നും പല കടലാസുകളിലും ബലമായി ഒപ്പിടുവിച്ചതായും പ്രതി പറഞ്ഞു. ഉച്ചയ്ക്കു രണ്ടേമുക്കാലിനാണു കോടതി വിധി പുറപ്പെടുവിച്ചത്.
കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കോടതിക്കു പുറത്തു പ്രതിഷേധം നടത്തി. സന്നദ്ധസംഘടനകളും പൊതുജനങ്ങളും സമരത്തോടൊപ്പം ചേർന്നു. മേൽക്കോടതിയെ സമീപിക്കുമെന്നു സമരക്കാർ പറഞ്ഞു.
കൊൽക്കത്ത പൊലീസായിരുന്നെങ്കിൽ വധശിക്ഷ ലഭിച്ചേനെ: മമത ബാനർജി
കൊൽക്കത്ത ∙ ആർ.ജി.കർ കേസിൽ കോടതിവിധിയിൽ സംതൃപ്തയല്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത പൊലീസാണ് കേസ് അന്വേഷിച്ചിരുന്നെങ്കിൽ പ്രതിക്കു വധശിക്ഷ ഉറപ്പാക്കുമായിരുന്നെന്നും അവർ പറഞ്ഞു.
അതേസമയം, പ്രതി സഞ്ജയ് റോയിക്കു വധശിക്ഷ ലഭിക്കാത്തതിൽ രാഷ്ട്രീയപാർട്ടികൾ പരസ്പരം പഴിചാരുകയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്നതു മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും കൊൽക്കത്ത പൊലീസ് കമ്മിഷണറുടെയും പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തിൽ ഒരാൾ മാത്രമാണുള്ളതെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ദ മജുംദാർ പറഞ്ഞു.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും വിധിയിൽ അസംതൃപ്തി പ്രകടിപ്പിച്ചു. സുഹൃത്തിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ കേരളത്തിലെ കോടതി പ്രതിയായ പെൺകുട്ടിക്കു വധശിക്ഷ വിധിച്ചു. എന്നാൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിൽ നീതി ഉറപ്പാക്കുന്നതിൽ നിയമസംവിധാനം പരാജയപ്പെട്ടെന്നും അവർ പറഞ്ഞു.