മാവോയിസ്റ്റ് നേതാവ് ചലപതിയെ വധിച്ച് സുരക്ഷാസേന; പൊലീസ് തലയ്ക്ക് ഒരു കോടി വിലയിട്ട നേതാവ്

Mail This Article
റായ്പുർ/ഭുവനേശ്വർ ∙ മാവോയിസ്റ്റുകളുടെ മുതിർന്ന നേതാക്കളിലൊരാളായ ചലപതി (ജയ്റാം) ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചലപതി അടക്കം 14 മാവോയിസ്റ്റുകളെയാണ് ഗരിയാബന്ദ് ജില്ലയിൽ മെയിൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുൽഹാദിഘട്ടിലെ കാട്ടിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചത്. ഒഡീഷ അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെ നടന്ന ഏറ്റുമുട്ടലിൽ 2 വനിതാ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ചൊവ്വാഴ്ചയും തുടർന്നു. അറുപതോളം പേരെ സേന വളഞ്ഞതായാണ് റിപ്പോർട്ട്. ബസ്തർ മേഖലയിലായിരുന്ന പ്രമുഖ നേതാക്കൾ അടുത്തിടെയാണ് ഒഡീഷ അതിർത്തിയിലേക്കു താവളം മാറ്റിയത്.
പൊലീസ് ഒരു കോടി രൂപ തലയ്ക്ക് വിലയിട്ട ചലപതി (62) സിപിഐ– മാവോയിസ്റ്റ് 7 അംഗ കേന്ദ്രകമ്മിറ്റിയിലെ പ്രധാന നേതാവാണ്. പ്രതാപ് റെഡ്ഡി, രാമചന്ദ്ര റെഡ്ഡി, അപ്പ റാവു, രാമു എന്നീ പേരുകളുമുള്ള ചലപതി ആന്ധ്രയിലെ ചിറ്റൂർ മദനപ്പള്ളി സ്വദേശിയാണ്. കേന്ദ്രകമ്മിറ്റിയിൽ ഒഡീഷ സംസ്ഥാന കമ്മിറ്റിയുടെ ചുമതലയും ചലപതിക്കാണ്. പത്തോളം പേരുടെ സുരക്ഷയിലാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്നത്. ഈ മാസം മാത്രം 40 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം 219 പേർ കൊല്ലപ്പെട്ടു.