ഇരുമ്പ് യുഗം തുടങ്ങിയത് തമിഴ്നാട്ടിൽ; അവകാശവാദവുമായി സ്റ്റാലിൻ

Mail This Article
ചെന്നൈ ∙ഇരുമ്പ് യുഗം 5,300 വർഷം മുൻപു തമിഴ്നാട്ടിലാണ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പുണെ, ഫ്ലോറിഡ എന്നിവിടങ്ങളിൽ നടത്തിയ വിശദമായ പരിശോധനകളുടെ ഫലം പുരാവസ്തു വകുപ്പ് വിലയിരുത്തിയാണ് വിവരം സ്ഥിരീകരിച്ചത്.
ലോഹസാംപിളുകളും വിശദമായി പഠിച്ചിരുന്നു. ബിസി 3345 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഇരുമ്പ് ഉണ്ടായിരുന്നു എന്ന് ആത്മവിശ്വാസത്തോടെ പറയാം. ഈ കണ്ടെത്തലുകൾ 'ദി ആന്റിക്വിറ്റി ഓഫ് അയൺ' എന്ന പേരിൽ പുസ്തകമായി സമാഹരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വിശകലന ഫലങ്ങൾ അവലോകനം ചെയ്ത ദേശീയ തലത്തിലുള്ള പുരാവസ്തു വിദഗ്ധരുടെ അഭിപ്രായങ്ങളും പുസ്തകത്തിലുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഖനനം ചെയ്ത ഇരുമ്പ് വസ്തുക്കളാണു പഠിച്ചത്. അയിരിൽ നിന്ന് ഇരുമ്പ് വേർതിരിക്കുന്ന സാങ്കേതികവിദ്യ ആദ്യമായി ആഗോളതലത്തിൽ അവതരിപ്പിച്ചത് തമിഴ്നാട്ടിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യവർഗത്തിന് സംസ്ഥാനം നൽകിയ മഹത്തായ സംഭാവനയാണിതെന്നും രാജ്യത്തിന്റെ ചരിത്രം തമിഴ്നാടിന്റെ വീക്ഷണത്തിൽ എഴുതേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.