നിജ്ജർ വധം: പുറത്തുനിന്ന് ഇടപെടലുണ്ടായിട്ടില്ലെന്ന് തെളിഞ്ഞിട്ടില്ലെന്ന് കാനഡ

Mail This Article
ന്യൂഡൽഹി ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വിദേശ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന തരത്തിലുള്ള വാർത്തകൾ കനേഡിയൻ സർക്കാർ തള്ളി. കനേഡിയൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി വന്ന വാർത്തകളാണ് ഔദ്യോഗിക വൃത്തങ്ങൾ നിഷേധിച്ചത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന കാനഡയുടെ ഫോറിൻ ഇന്റർഫിയറൻസ് കമ്മിഷന്റെ റിപ്പോർട്ടിനെപ്പറ്റിയാണ് വിശദീകരണം. നിജ്ജർ വധത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞതിനു പിന്നാലെ തെറ്റായ വിവരം പ്രചരിച്ചുവെന്നും ഇതിൽ വിദേശ ഇടപെടൽ സ്ഥിരീകരിക്കാൻ സാധിച്ചില്ലെന്നുമാണു മേരി ജോസി ഹോഗിന്റെ ഫോറിൻ ഇന്റർഫിയറൻസ് കമ്മിഷന്റെ റിപ്പോർട്ടിലെ പരാമർശം.
ഇതിനു പിന്നാലെ കൊലപാതകത്തിൽ വിദേശ ഇടപെടലുണ്ടായിട്ടില്ലെന്ന വാർത്ത പ്രചരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിച്ചതിൽ വിദേശ ഇടപെടലുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണു കമ്മിഷൻ ഉദ്ദേശിച്ചതെന്നും കൊലപാതക വിഷയം കമ്മിഷന്റെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും കാനഡ വ്യക്തമാക്കി.