കശ്മീർ ഭീകരർക്കെതിരായ പോരാട്ടം ശക്തമാക്കണം: അമിത്ഷാ

Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തകർക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നും നുഴഞ്ഞുകയറ്റം പൂർണമായി തടയണമെന്നും സുരക്ഷാ ഏജൻസികൾക്കു ആഭ്യന്തരമന്ത്രി അമിത്ഷാ നിർദേശം നൽകി. ജമ്മു കശ്മീരിലെ സുരക്ഷാ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദമില്ലാത്ത ജമ്മു കശ്മീരിനു വേണ്ടി വിവിധ ഏജൻസികൾ ഒത്തൊരുമിച്ചു പ്രവർത്തിക്കണം. ലഹരിക്കടത്തു സംഘങ്ങൾ ഭീകരവാദികൾക്കു ധനസഹായമടക്കം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിനു പുറമേ, പൊലീസ്, അർധസൈനിക വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ സുരക്ഷ തുടർച്ചയായ ദിവസങ്ങളിൽ വിവിധ ഏജൻസികളിലെയും വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി ചർച്ച ചെയ്യുന്നത് ആദ്യമായാണ്. ജമ്മു കശ്മീർ ലഫ്.
ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ ജനറൽ തപൻ ഡേക, ഡിജിപി നളിൻ പ്രഭാത്, കരസേനാധിപൻ ജനറൽ ഉപേന്ദ്ര ദ്വിവേദി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ വിമുക്തഭടൻ മൻസൂർ അഹമ്മദ് വാഗെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു യോഗം.