മനുഷ്യക്കടത്ത്: കർശന നടപടിയെന്ന് മന്ത്രി

Mail This Article
ന്യൂഡൽഹി ∙ മനുഷ്യക്കടത്തുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യുഎസിൽനിന്ന് ഇന്ത്യക്കാരെ മടക്കി അയച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൗരന്മാർ അനധികൃതമായി വിദേശത്തു താമസിക്കുന്നതായി കണ്ടെത്തിയാൽ അവരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ നിയമവിരുദ്ധമായ നീക്കങ്ങൾ തടയേണ്ടതുണ്ട്.
നിയമപരമായ യാത്രയും കുടിയേറ്റവും മറ്റു പല നിയമലംഘനങ്ങൾക്കും കാരണമാകുന്നുവെന്നും ഇത്തരത്തിൽ നിയമവിരുദ്ധ കുടിയേറ്റങ്ങൾ നടത്തുന്നവർ മറ്റു കുറ്റകൃത്യങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
‘മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ യാത്ര ചെയ്ത് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നു. ഇത്തരം അനധികൃത കുടിയേറ്റങ്ങളിൽ മരണങ്ങൾപോലും സംഭവിച്ചിട്ടുണ്ട്’– അദ്ദേഹം പറഞ്ഞു.
കുടിയേറ്റ നിയമങ്ങൾ നടപ്പാക്കേണ്ടത് യുഎസിന്റെ ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും നിർണായകമാണെന്നായിരുന്നു ഡൽഹിയിലെ യുഎസ് എംബസി അധികൃതരുടെ പ്രതികരണം.
അനുമതിയില്ലാതെ കുടിയേറിയ എല്ലാ വിദേശികൾക്കെതിരെ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുകയെന്നതു യുഎസിന്റെ നയമാണെന്നും വക്താവ് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
യുഎസ് പ്രതിരോധ സെക്രട്ടറിയെ വിളിച്ച് രാജ്നാഥ് സിങ്
ന്യൂഡൽഹി ∙ യുഎസ് പ്രതിരോധ സെക്രട്ടറിയായി സ്ഥാനമേറ്റ പീറ്റ് ഹെഗ്സെതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫോണിൽ സംസാരിച്ചു. ഹെഗ്സെത്തിനെ അഭിനന്ദിച്ച കേന്ദ്രമന്ത്രി യുഎസുമായി പ്രതിരോധ ഇടപാടുകൾ ശക്തമാക്കുന്നതിനെക്കുറിച്ചും സംസാരിച്ചുവെന്നാണു വിവരം.
‘യുഎസുമായി പ്രതിരോധരംഗത്തു നിലവിലുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകളും നടത്തി.
ഹെഗ്സെത്തുമായി ചേർന്നു പ്രവർത്തിക്കാൻ ഉറ്റുനോക്കുകയാണ്’– രാജ്‌നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു.
2009 മുതൽ 14,934 പേർ
അനധികൃത കുടിയേറ്റത്തിന്റെ പേരിൽ 2009 മുതൽ ഇതുവരെ 14,934 പേരെ യുഎസിൽനിന്ന് ഇന്ത്യയിലേക്കു മടക്കിയയച്ചു. 2019ലായിരുന്നു ഏറ്റവും കൂടുതൽ പേർ– 2042. കഴിഞ്ഞവർഷം ഒക്ടോബറിൽ പ്രത്യേക വിമാനത്തിലാണു കൊണ്ടുവന്നത്. എന്നാൽ വിലങ്ങും ചങ്ങലയുമിട്ടു കൊണ്ടുവന്നെന്ന പരാതി ഉയർന്നിരുന്നില്ല