ഇന്ത്യക്കാർ അർഹിക്കുന്നത് അന്തസ്സ്: രാഹുൽ ഗാന്ധി

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യക്കാർ അർഹിക്കുന്നത് അന്തസ്സും മനുഷ്യത്വവുമാണെന്നും കൈവിലങ്ങല്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഹർവീന്ദർ സിങ് എന്നയാൾ നേരിടേണ്ടി വന്ന ദുരിതം പങ്കുവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് രാഹുൽ പ്രതികരിച്ചത്.
-
Also Read
മനുഷ്യക്കടത്ത്: കർശന നടപടിയെന്ന് മന്ത്രി
വിശ്വഗുരുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി നിശ്ശബ്ദനായിരിക്കുന്നത് എന്തുകൊണ്ടാണെന്നു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു.
വിലങ്ങുവച്ച് ഇന്ത്യൻ പൗരരെ നാടുകടത്തിയ സംഭവം കേന്ദ്ര സർക്കാരിന്റെ നയതന്ത്ര പരാജയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വിലങ്ങണിയിച്ച് പൗരരെ എത്തിച്ച കാഴ്ച ഇന്ത്യയ്ക്ക് അപമാനമായെന്നു വേണുഗോപാൽ പറഞ്ഞു. രാജ്യസഭയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പ്രസ്താവന നടത്തിയതിനു പിന്നാലെ സിപിഎം കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, സിപിഐ കക്ഷി നേതാവ് പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ലോക്സഭ സ്തംഭിച്ചത് നാലുതവണ
പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭ സ്തംഭിച്ചതു 4 തവണ. രാവിലെ 11നു ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 12 വരെ സഭ നിർത്തിവച്ചു. 12നു ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ 2 വരെ നിർത്തിവച്ചു.
രണ്ടിനു ചേർന്നപ്പോഴും ലോക്സഭ ബഹളത്തിൽ മുങ്ങി. വീണ്ടും നിർത്തിവച്ച ശേഷം മൂന്നരയ്ക്കു വീണ്ടും ചേർന്നു. ജയശങ്കറിന്റെ പ്രസ്താവന പകുതിയായപ്പോഴേക്കും പ്രതിഷേധം കടുത്തു. ചർച്ച അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ബജറ്റ് ചർച്ചയിലേക്കു കടക്കുന്നതിനെതിരെ പ്രതിഷേധം തുടർന്നതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
രാജ്യസഭയിലും പ്രതിപക്ഷം വോക്കൗട്ട് നടത്തിയെങ്കിലും സഭ പിരിയുന്ന സാഹചര്യമുണ്ടായില്ല.