നാടുകടത്തൽ: ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയുമണിയിച്ച വിഡിയോ യുഎസ് പുറത്തുവിട്ടു; യുഎസ് രീതിയെന്ന് മന്ത്രി ജയശങ്കർ

Mail This Article
ന്യൂഡൽഹി ∙ കയ്യിൽ വിലങ്ങ്, കാലിൽ ചങ്ങല; ശുചിമുറിയിൽ പോകാൻപോലും പ്രയാസപ്പെട്ട് വിമാനത്തിൽ 41 മണിക്കൂർ നരകയാത്ര – അനധികൃത കുടിയേറ്റം ആരോപിച്ച് ട്രംപ് ഭരണകൂടം യുഎസിൽനിന്ന് 104 ഇന്ത്യക്കാരെ തിരിച്ചയച്ചതിങ്ങനെ. ഇതു സ്ഥിരീകരിക്കുന്ന വിഡിയോ യുഎസ് ബോർഡർ പട്രോൾ മേധാവി മിഷേൽ ഡബ്ല്യു. ബാങ്ക്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
മനുഷ്യാവകാശലംഘനം ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭ സ്തംഭിച്ചു. കൈകളിൽ സ്വയം വിലങ്ങണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിനു മുന്നിൽ പ്രകടനം നടത്തി. അതേസമയം, 2012 മുതൽ യുഎസ് പിന്തുടരുന്ന പ്രവർത്തന മാർഗരേഖയാണിതെന്നാണ് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വാദിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.55നാണ് യുഎസ് വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തിയത്.
വിലങ്ങിട്ടാണ് ഇവരെ കൊണ്ടുവന്നതെന്ന് ആരോപിച്ച് കോൺഗ്രസ് അന്നുതന്നെ ചിത്രം പുറത്തുവിട്ടിരുന്നു. ഇത് ഇന്ത്യക്കാരുടേതല്ല, ഗ്വാട്ടിമാലക്കാരുടേതാണെന്നു കേന്ദ്ര സർക്കാരിനു കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. എന്നാൽ, ഇന്ത്യക്കാരോടും ഇതേ സമീപനമാണു സ്വീകരിച്ചതെന്ന് യുഎസ് ബോർഡർ പട്രോൾ മേധാവി പങ്കുവച്ച വിഡിയോയിൽനിന്നു വ്യക്തമായതോടെ കേന്ദ്രം പ്രതിരോധത്തിലായി.
കുട്ടികൾക്കും സ്ത്രീകൾക്കും നിയന്ത്രണമുണ്ടായിരുന്നില്ലെന്നു മന്ത്രി ജയശങ്കർ വിശദീകരിച്ചു. 25 സ്ത്രീകളും 12 കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 4 വയസ്സുള്ള കുട്ടി പോലുമുണ്ട്.
2012 മുതൽ ഇത്തരത്തിലാണോ മടക്കിയയയ്ക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയില്ല. യാത്രാവിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേരെ മടക്കിയയയ്ക്കുമോ എന്നതിലും വ്യക്തതയില്ല.
യുഎസിൽ 18,000 ഇന്ത്യക്കാർ അനധികൃതമായി തങ്ങുന്നുണ്ടെന്നു റിപ്പോർട്ട് വന്നിരുന്നു.
മെക്സിക്കോ അതിർത്തി വഴിയും മറ്റും അനധികൃതമായി പോയവരും തൊഴിൽ വീസ കാലാവധി കഴിഞ്ഞു യുഎസിൽ തുടർന്നവരും നാടുകടത്തപ്പെട്ടവരിലുണ്ട്. സംസ്ഥാനം തിരിച്ചുള്ള കണക്കിങ്ങനെ: ഹരിയാന, ഗുജറാത്ത്: 33 പേർ വീതം, പഞ്ചാബ്: 30, മഹാരാഷ്ട്ര, യുപി: 3 പേർ വീതം, ചണ്ഡിഗഡ്: 2.
ഇങ്ങനെയല്ല ബ്രസീലും കൊളംബിയയും പ്രതികരിച്ചത്
ബ്രസീലിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങോടെ മടക്കിയയച്ചപ്പോൾ പ്രസിഡന്റ് ലുല ഡ സിൽവ യുഎസിനോടു വിശദീകരണം തേടുകയും മനുഷ്യാവകാശലംഘനത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. സ്വന്തം പൗരർക്കു യാത്രാസൗകര്യമൊരുക്കാൻ വ്യോമസേനയ്ക്കു നിർദേശവും നൽകി.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാകട്ടെ ഇത്തരത്തിൽ വന്ന വിമാനം ഇറങ്ങാൻ അനുവദിച്ചില്ല. ഇന്ത്യ സ്വന്തം പൗരരുടെ കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചില്ലെന്നും യുഎസിനെ പ്രതിഷേധം അറിയിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.