മരണം മുന്നിൽക്കണ്ട് യാത്ര, അപമാനിതരായി മടക്കം; സ്വപ്നഭൂമി തേടിപ്പോയവർ തിരികെയെത്തിയത് കുറ്റവാളികളെപ്പോലെ

Mail This Article
ന്യൂഡൽഹി ∙ യുഎസിലെത്തുന്നതിനുമുൻപ് കടന്നുപോയത് 7 രാജ്യങ്ങളിലൂടെ. കാടും മേടും കുന്നും കടലും നദിയും താണ്ടിയ യാത്ര. മർദനവും ഭീഷണിയും വിശപ്പും. ഒടുവിൽ യുഎസിലെത്തിയെങ്കിലും സ്വപ്നങ്ങളും അഭിമാനവും ജീവിതവും തകർന്നു മടക്കം. സ്വപ്നഭൂമി തേടിപ്പോയവർ തിരിച്ചെത്തിയതു കൊടുംകുറ്റവാളികളെപ്പോലെ കയ്യിലും കാലിലും വിലങ്ങുകളുമായി. അപമാനിതരായി തിരിച്ചെത്തിയ സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ട്. അവരും ബന്ധുക്കളും വിവരിച്ചത്, ഒരായുസ്സിന്റെ ദുരിതം ഒരുമിച്ചനുഭവിച്ചതിന്റെ കഥകൾ.
കഴിഞ്ഞവർഷം ജൂലൈ 17നാണു യുഎസിലേക്കു കടക്കാനായി ഹരിയാന കുരുക്ഷേത്ര ഇസ്മയിലാബാദ് സ്വദേശി റോബിൻ ഹാൻഡയുടെ (27) യാത്ര തുടങ്ങിയത്. ഗയാന, ബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങൾ കടന്ന്, മെക്സിക്കോ അതിർത്തി വഴിയാണു യുഎസിലെത്തിയത്. ഏജന്റുമാർക്കു നൽകിയതു 45 ലക്ഷം രൂപ.
മെക്സിക്കോയിൽ, കൂടുതൽ പണം ആവശ്യപ്പെട്ട് അനധികൃത കുടിയേറ്റ മാഫിയ സംഘം റോബിനെ മർദിച്ചപ്പോഴാണ് ഇതിൽ 20 ലക്ഷം രൂപ നൽകിയതെന്നു പിതാവ് മൻജിത് സിങ് പറഞ്ഞു.
പഞ്ചാബിലെ ഹോഷിയാർപുരിൽ താഹിൽ ഗ്രാമത്തിൽനിന്നുള്ള ഹർവിന്ദർ സിങ് കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഖത്തറിലാണ് ആദ്യമെത്തിയത്. അവിടെനിന്നു ബ്രസീൽ, പെറു, കൊളംബിയ, പാനമ, നിക്കരാഗ്വ, മെക്സിക്കോ വഴി യുഎസിലെത്തി. യാത്ര ചെയ്ത ബോട്ട് കടലിൽ മുങ്ങാൻ പോയതായും ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടതെന്നും ഹർവിന്ദർ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ പാനമയിലെ കാട്ടിൽ മരിച്ചുവീഴുന്നതിനും മറ്റൊരാൾ കടലിൽ മുങ്ങിത്താഴുന്നതിനും സാക്ഷിയാകേണ്ടി വന്നതായും ഹർവിന്ദർ പറഞ്ഞു. 42 ലക്ഷം രൂപയാണ് ഹർവിന്ദറിൽനിന്ന് ഏജന്റ് തട്ടിയെടുത്തത്. ഇറ്റലി വഴി യുഎസിലെത്തിയവരും നീണ്ട യാത്രകൾക്കിടെ കൊള്ളയടിക്കപ്പെട്ടവരുമുണ്ട്.
കുരുക്ഷേത്ര ജില്ലയിലെ ചമ്മുകലൻ ഗ്രാമത്തിലെ ഖുശ്പ്രീത് സിങ് (18) യുഎസിലെത്താനായി ഏജന്റിനു നൽകിയത് 40 ലക്ഷം രൂപ. കൃഷിയിടം പണയപ്പെടുത്തിയാണു പിതാവ് ജസ്വന്ത് സിങ് തുക കണ്ടെത്തിയത്. മെക്സിക്കോ–യുഎസ് അതിർത്തിയിലെത്തിയതായി രണ്ടാഴ്ച മുൻപ് ഖുശ്പ്രീത് വിളിച്ചുപറഞ്ഞിരുന്നതായും പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ലെന്നും ജസ്വന്ത് പറഞ്ഞു. ഖുശ്പ്രീത് അമൃത‍്‍സറിൽ തിരിച്ചെത്തിയപ്പോഴാണു തട്ടിപ്പിനെപ്പറ്റി കുടുംബം അറിഞ്ഞത്. വലിയ കടബാധ്യത എങ്ങനെ തീർക്കുമെന്ന ആശങ്കയിലാണ് ജസ്വന്ത് സിങ്.
പഞ്ചാബ് ഗുരുദാസ്പുർ ജില്ലയിൽ നിന്നുള്ള ജസ്പാൽ സിങ് (36) യുഎസ് അതിർത്തി പൊലീസിന്റെ പിടിയിലായതു കഴിഞ്ഞമാസം 24നാണ്. ഇന്ത്യയിലേക്കു നാടു കടത്തിയപ്പോൾ കയ്യാമം വച്ചതായും കാലിൽ ചങ്ങലയിട്ടതായും ജസ്പാൽ പറഞ്ഞു. അമൃത‍്‍സർ വിമാനത്താവളത്തിലാണ് ഇവ അഴിച്ചുമാറ്റിയത്.
മടങ്ങിയെത്തിയവരിൽ ഹരിയാനയിലെ അംബാല സ്വദേശിയായ ഒരാൾ കൃഷിയിടം വിറ്റാണു യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. കാട്ടിലൂടെയും പുഴയിലൂടെയുമൊക്കെ യാത്ര ചെയ്യേണ്ടി വന്നതായും വലിയ കുന്നുകൾ നടന്നു കയറിയതായും ഇയാൾ പറഞ്ഞു. ഹോഷിയാർപുർ ദാരാപുരിലെ സുഖ്പാൽ സിങ് (35) ഇറ്റലിയിലെത്തിയതായാണു കുടുംബം വിശ്വസിച്ചിരുന്നത്. വിവിധ ഏജൻസികൾ ചോദ്യം ചെയ്ത ശേഷമാണ്, ഇവരെ അമൃത‍്‍സർ വിമാനത്താവളത്തിൽ നിന്നു പുറത്തേക്കു വിട്ടത്.