ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം മോദിയുടെ യുഎസ് സന്ദർശനത്തിനു ശേഷം

Mail This Article
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കി ബിജെപി. പാർട്ടി അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാൻഡ, സെക്രട്ടറി അൽക ഗുർജർ, ഡൽഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്ദേവ തുടങ്ങിയ നേതാക്കൾ വിവിധ ഘട്ടങ്ങളിലായി 48 നിയുക്ത എംഎൽഎമാരുമായി ചർച്ച നടത്തി. രാത്രി വൈകിയാണു ചർച്ച പൂർത്തിയായത്.
മുഖ്യമന്ത്രിയെപ്പറ്റിയുള്ള അഭിപ്രായ രൂപീകരണമാണു പ്രധാനമായും നടന്നതെന്നാണു വിവരം. കേജ്‌രിവാളിനെ തോൽപിച്ച പർവേശ് വർമ, മൻജിന്ദർ സിങ് സിർസ, കപിൽ മിശ്ര, രേഖ ഗുപ്ത എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. വിരേന്ദ്ര സച്ദേവയ്ക്കും സാധ്യത കൽപിക്കുന്നു. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശനിയാഴ്ച തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതായിരുന്നു ചർച്ചാ വിഷയം. പ്രധാനമന്ത്രി യുഎസിൽ നിന്നു തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പ്രഖ്യാപനവും സ്ഥാനമേറ്റെടുക്കലും നടക്കുമെന്നാണു സൂചന.
ഇതിനിടെ, പർവേശ് വർമയുടെ നേതൃത്വത്തിൽ 3 നിയുക്ത എംഎൽഎമാർ ലഫ്. ഗവർണർ വി.കെ.സക്സേനയെ ഇന്നലെ സന്ദർശിച്ചു. സൗഹൃദ സന്ദർശനമാണെന്ന് എംഎൽഎമാർ പ്രതികരിച്ചു. 48 നിയുക്ത എംഎൽഎമാർക്കും 7 ലോക്സഭാ എംപിമാർക്കുമൊപ്പം അടുത്ത ദിവസം തന്നെ സന്ദർശനത്തിനായി അനുമതി തേടി ഡൽഹി ബിജെപി പ്രസിഡന്റ് ലഫ്. ഗവർണർക്കു കത്തു നൽകിയിട്ടുണ്ട്.
ഡൽഹിയിൽ 26 വർഷത്തിനു ശേഷമാണു ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 70 സീറ്റിൽ 48 സീറ്റ് പാർട്ടി നേടി. ആംആദ്മി പാർട്ടി 22 സീറ്റിൽ ജയിച്ചു.