ബിരേൻ സിങ് മാറിയതോടെ മണിപ്പുരിൽ കേന്ദ്രം പിടിമുറുക്കി; സമാധാനത്തിന് വഴി തെളിയുന്നു

Mail This Article
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന്റെ കാരണക്കാരനെന്ന് കുക്കി-സോ-മാർ ഗോത്രവിഭാഗങ്ങൾ ആരോപിക്കുന്ന ബിരേൻ സിങ് രാജിവച്ചത് സമാധാനശ്രമങ്ങൾ വേഗത്തിലാക്കിയേക്കും. ബിരേൻ സിങ്ങിനു പകരം സാധ്യത കൽപിക്കുന്ന സ്പീക്കർ സത്യബ്രത സിങ് , ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദ ദേവി, മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ യുമാൻ ഖേംചന്ദ് സിങ് എന്നിവർ കുക്കി വിഭാഗങ്ങൾക്ക് അനഭിമതരല്ല. എങ്കിലും രാഷ്ട്രപതി ഭരണമാണ് കുക്കി വിഭാഗങ്ങൾ ആഗ്രഹിക്കുന്നത്.
ബിരേൻ സിങ് മാറിയതോടെ മണിപ്പുരിൽ കേന്ദ്രം പിടിമുറുക്കിയിരിക്കുകയാണ്. പൊലീസിന്റെയും കേന്ദ്രസേനയുടെയും ചുമതല കേന്ദ്രം നിയോഗിച്ച സെക്യൂരിറ്റി അഡ്വൈസർ കുൽജീപ് സിങ്ങിനാണ്. പുതിയ ചീഫ് സെക്രട്ടറിയും കേന്ദ്രനിർദേശപ്രകാരം ചുമതലയേറ്റയാളാണ്. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് കുക്കി വിഭാഗങ്ങളുമായി നല്ല ബന്ധമുണ്ട്. ഫലത്തിൽ ബിരേൻ സിങ്ങിന്റെ രാജി മണിപ്പുരിലെ സമാധാനശ്രമങ്ങൾക്ക് ഊർജം നൽകും.
രാജിവച്ചെങ്കിലും ഒരു ഇടവേളയ്ക്കു ശേഷം ബിരേൻ തന്നെ തിരിച്ചു മുഖ്യമന്ത്രി കസേരയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിരേൻ സിങ്ങിന്റെ തലയെടുപ്പുള്ള ഒരു നേതാവ് മണിപ്പുരിലെ ബിജെപി നേതൃനിരയിലില്ല. ഒപ്പം മെയ്തെയ് തീവ്ര സംഘടനകളും സായുധ സംഘടനകളും ബിരേന് ഒപ്പമാണ്. മെയ്തെയ് വികാരം ആളിക്കത്തിച്ച് പൊതുജനങ്ങളെയും മെയ്രാ പെയ്ബിമാരെയും (മെയ്തെയ് വനിതകൾ) തെരുവിലിറക്കാൻ ബിരേൻ സിങ്ങിന് ഇപ്പോഴും കഴിയും. ഗവർണർക്ക് നൽകിയ രാജിക്കത്തിൽ പോലും തന്റെ തീവ്ര മെയ്തെയ് നിലപാട് വ്യക്തമാക്കിയാണ് ബിരേൻ സിങ് പടിയിറങ്ങിയത്. ബിരേൻ സിങ് മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും കുക്കി വിഭാഗത്തിന്റെ ആവശ്യം പ്രത്യേക ഭരണപ്രദേശമാണെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം വക്താവ് ഗിൻസ വാൾസോങ് പറയുന്നു. തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിൽ നിന്ന് കുക്കികൾ പിൻമാറാത്തതു പുതിയ മുഖ്യമന്ത്രിക്കും തലവേദനയാകും.
സംസ്ഥാനം വിഭജിക്കാനുള്ള ഏത് ശ്രമവും മെയ്തെയ്കൾ തടയും. ബിരേൻ സിങ്ങിനെ അനുകൂലിക്കുന്ന തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോൽ കലാപവുമായി രംഗത്തിറങ്ങിയാൽ മണിപ്പുർ വീണ്ടും ആളിക്കത്തും. ഇത് ഒഴിവാക്കുന്നതിനായി ആയിരക്കണക്കിനു കേന്ദ്ര സേനയെയെയാണ് ഇംഫാൽ താഴ് വരയിൽ വിന്യസിച്ചിട്ടുള്ളത്. മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറിയെങ്കിലും പ്രത്യക്ഷമായി തീവ്ര മെയ്തെയ് നിലപാട് സ്വീകരിച്ച ബിരേൻ സിങ്ങിന്റെ ഇടപെലുകളായിരിക്കും മണിപ്പുരിൽ ഇനിയുള്ള സമാധാനശ്രമങ്ങളെയും തീരുമാനിക്കുക.