ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു

Mail This Article
കൊൽക്കത്ത∙ ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് (97) ബംഗാളിലെ കലിംപോങ്ങിൽ അന്തരിച്ചു. ദലൈലാമയുടെ 6 സഹോദരങ്ങളിൽ മുതിർന്നയാളായ ഗ്യാലോ ടിബറ്റിന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചു. ടിബറ്റൻ പ്രവാസ സർക്കാരിൽ 1991 മുതൽ 1993 വരെ പ്രധാനമന്ത്രിയും 1993 മുതൽ 1996വരെ സുരക്ഷാമന്ത്രിയുമായിരുന്നു.
ദലൈലാമയുടെ മറ്റു സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായി ആത്മീയ ജീവിതത്തിനു പകരം വിദേശ വിദ്യാഭ്യാസം നേടിയ ഗ്യാലോ 1952 മുതൽ ഇന്ത്യയിലായിരുന്നു താമസം. 1959ൽ ദലൈലാമ ഇന്ത്യയിലേക്ക് കടക്കുന്നതിന് സഹായങ്ങൾ ചെയ്തു. 1956 മുതൽ 1974 വരെയുള്ള കാലത്ത് സിഐഎയുടെ സഹായത്തോടെ ടിബറ്റൻ ഗറില പോരാളികൾക്ക് പരിശീലനം നൽകി. ഇതിനോട് ദലൈലാമ യോജിച്ചിരുന്നില്ല. ചൈനയുടെ കടന്നുകയറ്റത്തെ അപലപിക്കുന്ന 3 പ്രമേയങ്ങൾ യുഎന്നിൽ അവതരിപ്പിച്ചു.
ടിബറ്റിനു വേണ്ടി ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായി ചർച്ച നടത്തി. 1979ൽ ചൈനീസ് പ്രസിഡന്റ് ഡെങ് സിയാവോ പിങ്ങിനെ സന്ദർശിച്ച് ചർച്ച നടത്തി. ചൈനയുമായി നേരിട്ടുള്ള ചർച്ച വഴി മാത്രമേ ടിബറ്റിന്റെ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്ന വാദക്കാരനായിരുന്ന അദ്ദേഹം 2010വരെ ചൈനയുമായുള്ള ചർച്ചയിൽ ടിബറ്റിനെ പ്രതിനിധീകരിച്ചു. ‘ദ് നൂഡിൽ മേക്കർ ഓഫ് കലിംപോങ്’ എന്ന ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.