തൊഴിലുറപ്പു പദ്ധതി: നിബന്ധനകൾ കടുപ്പിച്ചു, അർഹരായ പലരും പുറത്തായി; ഒഴിവാക്കപ്പെട്ടവർ ഒരു കോടി

Mail This Article
ന്യൂഡൽഹി ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് 6 വർഷത്തിനിടെ നീക്കിയത് 1.08 കോടി തൊഴിലാളികളെ. ഈ സാമ്പത്തിക വർഷം 15.12 ലക്ഷം പേരെയും 2023–24ൽ 34.84 ലക്ഷം പേരെയും 2022–23ൽ 54.55 ലക്ഷം പേരെയും നീക്കിയതായും രാജ്യസഭയിൽ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാൻ നൽകിയ മറുപടിയിൽ പറയുന്നു.6 വർഷത്തിനിടെ കേരളത്തിൽ നിന്ന് 31,045 പേരെ ഒഴിവാക്കി. ഈ വർഷം 2602 പേരെയും കഴിഞ്ഞവർഷം 21,418 പേരെയും നീക്കി. നടപ്പുവർഷം ഏറ്റവുമധികം പേരെ നീക്കിയത് അസമിൽ നിന്നാണ് – 3.80 ലക്ഷം പേരെ. ബിഹാറിൽ നിന്ന് 2.51 ലക്ഷം പേരെയും ഒഡീഷയിൽ നിന്ന് 2.22 ലക്ഷം പേരെയും നീക്കം ചെയ്തു.
തൊഴിലുറപ്പു പദ്ധതി കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിബന്ധനകൾ പാലിക്കാത്തവരെ നീക്കം ചെയ്തുവെന്നാണു ഗ്രാമവികസന മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ, അർഹരായ പലരും സാങ്കേതികമായ നിബന്ധനകൾ പാലിക്കാൻ കഴിയാതെ പുറത്തു പോകേണ്ടി വന്നവരിലുണ്ട്. തൊഴിൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ, വ്യക്തികളുടെ ഭൂമിയിൽ ജോലി ചെയ്യുന്നതിന്റെ ഫോട്ടോ ജിയോ ടാഗ് ചെയ്ത് നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം ആപ്പിൽ അപ്‌ലോഡ് ചെയ്യൽ തുടങ്ങിയ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. വേതന വിതരണത്തിനു കഴിഞ്ഞ ജനുവരി 1 മുതൽ ആധാർ േബസ്ഡ് പേയ്മെന്റ് ബ്രിജ് സിസ്റ്റം (എപിബിഎസ്) നിർബന്ധമാക്കിയത്, ഒരാൾക്കു മാത്രം ബാങ്ക് അക്കൗണ്ടുള്ള കുടുംബങ്ങളെ ബാധിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതിയോടു കേന്ദ്ര സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നു നേരത്തെ തന്നെ വിമർശനമുണ്ട്.